ചിയാന്‍ വിക്രം. വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് തെന്നിന്ത്യയെ അമ്പരപ്പിച്ച നടന്‍. രാവണ്‍ എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷത്തിലൂടെ ബോളിവുഡിനെ ഞെട്ടിച്ച പ്രതിഭ. പിതാമഹനിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. അന്നിയനിലൂടെ ആക്ഷന്‍ ഹീറോ കഥാപാത്രങ്ങളുടെ അവസാന വാക്കായി. അന്നിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം പറയുന്നതുപോലെ - എം ജി ആറിനെയും രജനീകാന്തിനെയും കണ്ടിട്ടുണ്ട്, ശിവാജിയെയും കമലഹാസനെയും കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലെയൊരു നടനെ മുമ്പ് ആരും കണ്ടിട്ടില്ല. വിക്രം എല്ലാ വിശേഷണങ്ങള്‍ക്കും അതീതനാണ്.
കോളിവുഡില്‍ 10 കോടിക്കുമേല്‍ പ്രതിഫലം പറ്റുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് വിക്രം. താണ്ഡവം എന്ന പുതിയ ആക്ഷന്‍ ത്രില്ലറിന് വിക്രമിന് ലഭിച്ച പ്രതിഫലം 13 കോടി രൂപയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വിക്രം 15 കോടി രൂപ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
വിക്രമിന്‍റെ താരമൂല്യം മുന്‍നിര്‍ത്തി നൂറുകണക്കിന് കോടികളുടെ ബിസിനസാണ് ഇന്ന് തെന്നിന്ത്യയില്‍ നടക്കുന്നത്. വിക്രമിന്‍റെ കഴിഞ്ഞ ചിത്രമായ രാജപാട്ടൈ വന്‍ പരാജയമായിരുന്നു. എന്നിട്ടും ഈ താരത്തിന് മേല്‍ ഇന്‍ഡസ്ട്രിക്ക് വിശ്വാസമുണ്ട്. താണ്ഡവം, ഐ എന്നീ സിനിമകളുടെ മൊത്തം നിര്‍മ്മാണച്ചെലവ് 140 കോടി രൂപയാണെന്നാണ് വിവരം. വിക്രമിന്‍റെ സ്റ്റാര്‍വാല്യുവാണ് ഇത്രയും വലിയ തുക ഈ സിനിമകള്‍ക്ക് മേല്‍ മുടക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
താണ്ഡവത്തിലും ഐയിലും സോളോ ഹീറോയാണ് വിക്രം എന്നതും പ്രത്യേകതയാണ്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ ബിസിനസ് സോളോ ഹീറോ ചിത്രങ്ങളെ അപേക്ഷിച്ച് റിസ്ക് കുറവുള്ളതാണ് എന്നത് ഓര്‍ക്കുക.
യു ടി വി മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന താണ്ഡവത്തിന്‍റെ ബജറ്റ് 55 കോടി രൂപയാണ്. എ എല്‍ വിജയ് ആണ് സംവിധായകന്‍. ഷങ്കര്‍ ഒരുക്കുന്ന ‘ഐ’ 85 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. ആസ്കാര്‍ രവിചന്ദ്രനാണ് നിര്‍മ്മാതാവ്.