പ്രിയദര്‍ശന് ഈ വര്‍ഷം നാലു ചിത്രങ്ങള്‍

WEBDUNIA|
ബോളിവുഡ് ചലച്ചിത്രകാരന്‍‌മാര്‍ ഇപ്പോഴും അത്ഭുതത്തോടെ നോക്കുന്ന ഒരു വ്യക്തിയാണ് പ്രിയദര്‍ശന്‍. ഇത്രയും വേഗം സിനിമകള്‍ ചിത്രീകരിച്ച് തീര്‍ക്കാന്‍ എങ്ങനെ ഇദ്ദേഹത്തിനു കഴിയുന്നു എന്നതാണ് അവരുടെ അത്ഭുതം. മാത്രമല്ല ചെയ്യുന്ന ചിത്രങ്ങളില്‍ കൂടുതലും മെഗാഹിറ്റുകളും. വര്‍ഷങ്ങളുടെ അദ്ധ്വാനഫലമായാണ് ബോളിവുഡിലെ സംവിധായകര്‍ സിനിമകള്‍ ഉണ്ടാക്കുന്നത്. അതു തിയേറ്ററിലെത്തിയാലോ, ഓടിയാല്‍ ഓടി, ഇല്ലെങ്കില്‍ ഇല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍.

പ്രിയദര്‍ശന്‍റെ കാര്യമെടുത്താല്‍, അദ്ദേഹത്തിന് നിന്നു തിരിയാന്‍ നേരമില്ല എന്ന അവസ്ഥയാണ്. 2009ല്‍ നാലു ഹിന്ദി ചിത്രങ്ങളാണ് പ്രിയന്‍റേതായി തിയേറ്ററുകളിലെത്താന്‍ പോകുന്നത്. മോഹന്‍ലാലിനെ നായകനാക്കി എം ടിയുടെ തിരക്കഥയില്‍ ഒരു മലയാള ചിത്രവും ഈ വര്‍ഷം തന്നെ ചെയ്യാനുള്ള നീക്കത്തിലാണ് പ്രിയന്‍.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ചിത്രം ബില്ലൂ ബാര്‍ബര്‍ ആണ്. ഫെബ്രുവരിയില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും. കഥ പറയുമ്പോള്‍ എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണ് ബില്ലൂബാര്‍ബര്‍. ഷാരുഖ് ഖാന്‍ നിര്‍മ്മിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

ഏപ്രിലിലാണ് പ്രിയന്‍റെ അടുത്ത സിനിമ റിലീസാകുന്നത്. ‘ഭും ഭും ഭോലെ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇറാന്‍ സിനിമയായ ചില്‍ഡ്രന്‍ ഓഫ് ഹെവനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. താരേ സമീന്‍ പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദര്‍ശീല്‍ സഫാരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദീപാവലിക്കാണ് പ്രിയന്‍റെ അടുത്ത ചിത്രം പ്രദര്‍ശനത്തിനെത്തുക. ധേ ധനാ ധന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ അക്ഷയ്കുമാര്‍, കത്രീന കൈഫ്, സുനില്‍ ഷെട്ടി, സമീര റെഡ്ഡി, പരേഷ് റാവല്‍ തുടങ്ങിയവര്‍ അഭിനയിക്കും. ഈ സിനിമ ഒരു സ്ലാപ്സ്റ്റിക് കോമഡിയാണ്.

പ്രിയദര്‍ശന്‍റെ പഴയ സൂപ്പര്‍ഹിറ്റ് ചിത്രം മലാമല്‍ വീക്‍ലിയുടെ രണ്ടാം ഭാഗമാണ് ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിനെത്തുന്നത്. പരേഷ് റാവല്‍, റിതേഷ് ദേശ്‌മുഖ്, റീമ സെന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :