ചില കാര്യങ്ങള്‍ അങ്ങനെയാണ്. വിജയം ആവശ്യമില്ലെന്ന് തോന്നുമ്പോള്‍ വിജയം അനുഗ്രഹിക്കും. ഇപ്പോള്‍ ഇത് വേണ്ടിയിരുന്നില്ലെന്ന് മനസ് പറഞ്ഞാലും വിധി അത് അനുവദിക്കില്ല. ‘ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍’ എന്ന ചിത്രത്തിലെ നായകനായ കുട്ടി ഓട്ടമത്സരത്തിനൊടുവില്‍ രണ്ടാം സ്ഥാനമേ ആഗ്രഹിക്കുന്നുള്ളൂ. കാരണം രണ്ടാം സ്ഥാനം ലഭിച്ചാല്‍ അവന് സമ്മാനമായി ഒരുജോഡി ഷൂസ് ലഭിക്കും. അത് അവന്‍റെ അനിയത്തിക്ക് നല്‍കാം. പക്ഷേ, വിധി ആ മത്സരത്തില്‍ അവനെ ഒന്നാം സ്ഥാനത്തെത്തിച്ചു! വിജയം നേടിയിട്ടും പരാജിതനെപ്പോലെ അവന്‍ കരഞ്ഞുപോയി!
നടി അനന്യ പറയുന്നതുകേട്ടോ? ‘കാണ്ഡഹാര്‍’ എന്ന സിനിമയില്‍ അനന്യക്ക് തോക്ക് ഉപയോഗിച്ച് വെടിവയ്ക്കേണ്ട ഒരു സീന്‍ ഉണ്ടായിരുന്നു. അനന്യയ്ക്ക് ലഭിച്ചതോ? ഒരു യഥാര്‍ത്ഥ പിസ്റ്റള്‍! ആദ്യമായാണ് അനന്യയ്ക്ക് യഥാര്‍ത്ഥ പിസ്റ്റള്‍ ഉപയോഗിച്ചു വെടിവയ്ക്കാന്‍ അവസരം ലഭിക്കുന്നത്. നല്ല ഭാരമുള്ള പിസ്റ്റള്‍ കൈയിലൊതുക്കാന്‍ തന്നെ അനന്യ ബുദ്ധിമുട്ടിയത്രെ.
വില്ലന്‍മാര്‍ക്കെതിരെ നിറയൊഴിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയമായി. അനന്യ രണ്ടും കല്‍പ്പിച്ച് തോക്കെടുത്ത് ഒറ്റവെടി! തീ തുപ്പി പുറത്തേക്ക് കുതിച്ചത് യഥാര്‍ത്ഥ വെടിയുണ്ട!
ഒരു തവണകൂടി അനന്യയ്ക്ക് ആ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കണമെന്ന് അഗ്രഹമുണ്ടായിരുന്നു. അതിന് ഒരുങ്ങിയതുമാണ്. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ആദ്യ ടേക്കില്‍ തന്നെ ഷോട്ട് ഓകെ ആയി!
തോക്ക് കൈയില്‍ വച്ച് വിഷാദഭാവത്തില്‍ നിന്ന അനന്യയോട് ‘ഇത് കളിത്തോക്കല്ല’ എന്നുപറഞ്ഞ് സംവിധായകന്‍ മേജര്‍ രവി അത് പിടിച്ചുവാങ്ങുകയും ചെയ്തു.