ജ്യോതിക നായികയായി വീണ്ടും വരുന്നു!

WEBDUNIA|
PRO
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നായികമാര്‍ക്ക് പിന്നീട് അതേ താരപ്രഭയോടെ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. ഒന്നുകില്‍ നായകന്‍റെ ചേച്ചി, അല്ലെങ്കില്‍ അമ്മ - ഈ ഗണത്തില്‍ പെടുത്തിക്കളയും നമ്മുടെ സംവിധായക പ്രതിഭകള്‍. എന്നാല്‍ അങ്ങനെ ആരും ഒതുക്കാന്‍ നോക്കേണ്ടെന്നാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ പത്നി പറയുന്നത്. മടങ്ങിവരുന്നെങ്കില്‍ അത് നായികയായിത്തന്നെ എന്നാണ് ജ്യോതികയുടെ പക്ഷം.

അടുത്തിടെ നെസ്കഫെ സണ്‍‌റൈസ് കോഫിയുടെ പരസ്യത്തില്‍ സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജ്യോതികയുടെ മടങ്ങിവരവിനുള്ള ഒരു ടെസ്റ്റ് എന്ന നിലയിലായിരുന്നു ഈ പരസ്യചിത്രത്തിലെ അഭിനയം. എന്തായാലും ജ്യോതികയെയും സൂര്യയെയും കാണാനായി പ്രേക്ഷകര്‍ തിരക്കുകൂട്ടിയപ്പോള്‍ പരസ്യം സൂപ്പര്‍ ഹിറ്റ്. ജ്യോതികയെ വീണ്ടും അവതരിപ്പിച്ചാല്‍ ഷുവര്‍ ഹിറ്റായിരിക്കുമെന്ന് സൂര്യയ്ക്കും ബോധ്യമായി.

ഉടന്‍ തന്നെ ജ്യോതിക സിനിമയിലേക്ക് തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അത് സൂര്യയുടെ നായികയായി തന്നെ വേണമോ എന്ന കാര്യം ആലോചിച്ചുവരികയാണ്. ഗൌതം വാസുദേവ് മേനോന്‍, കെ എസ് രവികുമാര്‍ എന്നിവരില്‍ ആരുടെയെങ്കിലും പ്രൊജക്ടിലൂടെയായിരിക്കും ജ്യോതികയുടെ മടക്കം എന്നറിയുന്നു.

ജ്യോതികയ്ക്കും സൂര്യയ്ക്കും രണ്ട് കുട്ടികളാണ്. ദിയയും ദേവും. ഇവര്‍ അല്‍പ്പം മുതിര്‍ന്നതിനാല്‍ ജോ ഇനി അഭിനയിച്ചാലും കുഴപ്പമില്ല എന്ന നിലപാടിലാണത്രെ തമിഴകത്തിന്‍റെ പ്രിയപ്പെട്ട നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :