മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് രൂപം നല്‍കി തനതായ ഒരു ശൈലി സിനിമാ ലോകത്തിന നല്‍കിയ അനുഗ്രഹീത സംവിധായകനാണ് ഐ.വി. ശശി. എത്രതവണ കണ്ടാലും മതിവരാത്ത ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1948 മാര്‍ച്ച് 28-ാം തീയതി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഇരുമ്പനത്ത് വീട്ടില്‍ ഐ.വി. ചന്ദ്രന്‍ - ഐ.വി. കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച ഐ.വി. ശശി മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകലയില്‍ ഡിപ്ളോമ നേടിയിട്ടുണ്ട്.
1969-ലാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. എ.ബി. രാജീവിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയുടെ കലാസംവിധായകനായിട്ടായിരുന്നു രംഗപ്രവേശം. ഛായാഗ്രാഹകന്‍, സംവിധാന സഹായി തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ഉത്സവം സിനിമ സ്വന്തമായി സംവിധാനം ചെയ്തു.
സാങ്കേതിക വിദ്യയൊന്നും വളര്‍ന്നിട്ടില്ലാത്ത ആ കാലത്ത് ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഉത്സവം ഒരു വന്‍ വിജയമായി തീര്‍ന്നു. പ്രേംനസീര്‍ നായകനല്ലാത്ത ഒരു സിനിമയും വിജയിക്കില്ലെന്ന അവസ്ഥയായിരുന്നു അപ്പോള്‍ നിലനിന്നിരുന്നത്. ആ സമയത്താണ് അദ്ദേഹം കെ.പി. ഉമ്മര്‍, റാണിചന്ദ്ര, ശ്രീവിദ്യ എന്നിവരെ വച്ച് ഉത്സവം ചെയ്തത്. അത് വിജയമായതോടെ മലയാള സിനിമയ്ക്ക് പുതിയ മാനം കൈവന്നു.