മമ്മൂട്ടി: കൗതുകങ്ങള്‍, വിശേഷങ്ങള്‍

മമ്മൂട്ടിയെ 'മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്' എന്നാണ് പഴയകാല സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്

Mammootty Life secrets, Mammootty, Who is Mammootty, Happy Birthday Mammootty, Mammootty Life, മമ്മൂട്ടി, മമ്മൂട്ടി ജന്മദിനം, ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂട്ടി, മമ്മൂട്ടി കൗതുകങ്ങള്‍
Kochi| Nelvin Gok| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (11:05 IST)
Mammootty

1951 സെപ്റ്റംബര്‍ ഏഴിനു ജനിച്ച പി.ഐ.മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി തന്റെ 74-ാം ജന്മദിനം ആഘോഷിക്കുകയാണ്.

മമ്മൂട്ടിയെ 'മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്' എന്നാണ് പഴയകാല സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. വിശാഖം നക്ഷത്രക്കാരനായ മമ്മൂട്ടി ജാതകവശാല്‍ തന്നെ പെര്‍ഫക്ഷനിസ്റ്റ് ആണെന്നത് ഒരു കൗതുകമാണ്. എന്നാല്‍ വിശാഖത്തില്‍ പിറന്നവരെല്ലാം മമ്മൂട്ടിയോളം പൂര്‍ണതയ്ക്കായി കൊതിക്കുന്നവരല്ലല്ലോ...!അതുകൊണ്ട് ജാതകത്തിന്റെ ക്വാളിറ്റി കൊണ്ടല്ല മമ്മൂട്ടിയുടെ പ്രൊഫഷണലിസം ചര്‍ച്ചയാകുന്നത്.

മുഹമ്മദ് കുട്ടിയെന്ന പേര് ഇഷ്ടമല്ലാത്ത 'മുഹമ്മദ് കുട്ടി' തനിക്കായി കണ്ടെത്തിയ മോഡേണ്‍ പേരാണ് മമ്മൂട്ടി. കോളേജില്‍ പഠിക്കുന്ന സമയത്ത് ഐഡി കാര്‍ഡ് കണ്ട സുഹൃത്തുക്കള്‍ ആ കള്ളി കൈയോടെ പൊക്കി. അവര്‍ കളിയാക്കി പറഞ്ഞു 'അയ്യേ നിന്റെ പേര് മുഹമ്മദ് കുട്ടിയെന്നാണോ'

സിനിമയിലെത്താന്‍ കൊതിച്ച മുഹമ്മദ് കുട്ടി ക്ലാസ് കട്ട് ചെയ്തു അവസരങ്ങള്‍ തേടി നടന്നിട്ടുണ്ട്. അതിനിടയില്‍ സിനിമയില്‍ അവസരം ചോദിച്ച് മുഹമ്മദ് കുട്ടി ഒരു പത്രപരസ്യം നല്‍കി. 'കോളേജില്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്ന പിഐ മുഹമ്മദ് കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നായകനടനാവാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക' എന്നാണ് ആ പത്രപരസ്യത്തില്‍ തന്റെ ചിത്രം സഹിതം മമ്മൂട്ടി നല്‍കിയിരിക്കുന്നത്. മഞ്ചേരി കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അപ്പോള്‍ മമ്മൂട്ടി.

മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് സൈക്കിളില്‍ ഡബിള്‍ വച്ച് പിടിക്കപ്പെടുന്നവര്‍ക്കായി മമ്മൂട്ടി ഹാജരാകുക പതിവായിരുന്നു. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

1986 ല്‍ മാത്രം മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത് 35 സിനിമകളിലാണ്. ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ നായകനായ നടന്‍ എന്ന റെക്കോര്‍ഡ് വര്‍ഷങ്ങള്‍ക്കിപ്പുറവും മമ്മൂട്ടിയുടെ പേരില്‍ തന്നെ. പ്രേംനസീര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സിനിമകളില്‍ നായക നടനായി അഭിനയിച്ച താരവും മമ്മൂട്ടി തന്നെ.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും മമ്മൂട്ടി നായകനടനായി അഭിനയിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ നായകനടനായി അഭിനയിച്ചെന്ന അപൂര്‍വ റെക്കോര്‍ഡും മമ്മൂട്ടിക്ക് സ്വന്തം.

പ്രാദേശിക ഭാഷയില്‍ അല്ലാതെ അഭിനയിച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയെന്ന അപൂര്‍വ റെക്കോര്‍ഡും മമ്മൂട്ടിക്കുണ്ട്. ജബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത 'ഡോ.ബാബാസഹേബ് അംബേദ്കറി'ലൂടെയാണ് മമ്മൂട്ടി ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലീഷ് ഭാഷയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മമ്മൂട്ടിക്കുള്ള പ്രാഗത്ഭ്യം ഏറെ ആഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. ചുരുങ്ങിയത് 15 ഡയലറ്റുകളിലെങ്കിലും മമ്മൂട്ടി സിനിമ ചെയ്തിട്ടുണ്ട്. അതില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഷാശൈലികളും ഉണ്ട്.

മമ്മൂട്ടി കമ്പനിക്കു മുന്‍പും നിര്‍മാണ രംഗത്ത് മമ്മൂട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്ലേ ഹൗസ് ഇന്റര്‍നാഷണല്‍ എന്നായിരുന്നു പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. മമ്മൂട്ടി ചിത്രം ജവാന്‍ ഓഫ് വെള്ളിമല നിര്‍മിച്ചിരിക്കുന്നത് പ്ലേ ഹൗസാണ്.

മമ്മൂട്ടിയുടെ ഭക്ഷണ രീതിക്കുമുണ്ട് ചില കൗതുകങ്ങള്‍. ചോറ് വളരെ കുറവ് മാത്രമേ കഴിക്കൂ. വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ മിതമായ അളവില്‍ മാത്രം. ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. ഓട്സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം എന്നിവ മമ്മൂട്ടി സ്ഥിരം കഴിക്കും.

മമ്മൂട്ടിയെ സഹോദരങ്ങള്‍ വിളിക്കുന്നത് 'ഇച്ചാക്ക' എന്നാണ്. സഹോദരങ്ങള്‍ക്കു പുറമേ മമ്മൂട്ടിയെ ഈ പേരില്‍ അഭിസംബോധന ചെയ്യാനുള്ള അവകാശം സാക്ഷാല്‍ മോഹന്‍ലാലിനു മാത്രം.

സിനിമയില്‍ സജീവമാകും മുന്‍പായിരുന്നു മമ്മൂട്ടിയുടെ കല്യാണം. മൂന്നാമത്തെ പെണ്ണുകാണലില്‍ ആണ് സുല്‍ഫത്തുമായുള്ള കല്യാണം ഉറപ്പിക്കുന്നത്.

സിഗരറ്റിനോടു അല്‍പ്പം കമ്പമുള്ള ആളായിരുന്നു മമ്മൂട്ടി. സിനിമ സെറ്റുകളില്‍ പോലും പുകവലിക്കാതെ പറ്റില്ലായിരുന്നു. പിന്നീട് തന്നെ മറ്റുള്ളവര്‍ അനുകരിച്ചാലോ എന്ന പേടിച്ചാണ് മമ്മൂട്ടി പുകവലി നിര്‍ത്തുന്നത്.

മമ്മൂട്ടി കൗതുകങ്ങളും വിശേഷങ്ങളും പറഞ്ഞാല്‍ തീരില്ല. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ലൈഫിലും സിനിമ പോലെ ഉദ്വേഗം നിറഞ്ഞ ഒട്ടേറെ കാര്യങ്ങളുണ്ട് മമ്മൂട്ടിക്ക്...കൗതുകങ്ങള്‍ നിറഞ്ഞ മമ്മൂട്ടി ലെഗസിക്ക് ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍..!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :