ഓര്‍മ്മയില്‍ ചിരിയുണര്‍ത്തി ഹനീഫ

ചെന്നൈ| മണികണ്ഠന്‍ എടപ്പാള്‍| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (12:56 IST)
മലയാളികള്‍ എന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പിടി ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. സംവിധായകനായും നടനായും നിര്‍മ്മാതാവായും മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട താരമായിരുന്നു കൊച്ചിന്‍ ഫനീഫ.

മിമിക്രിയിലൂടെയാണ് ഹനീഫ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1970കളില്‍ പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ് ഹനീഫ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ജനാര്‍ദ്ദനനെ ഒഴിച്ചുനിര്‍ത്തിയാല്‍ , ഹനീഫയെപ്പോലെ ഇത്രവലിയ ഇമേജ് മാറ്റം സംഭവിച്ച ഒരു നടനും മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെ കൊച്ചിന്‍ ഹനീഫ തന്‍റെ വില്ലന്‍ കഥാപാത്രങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതാണ് കണ്ടത്. ഇപ്പോഴും കൊച്ചിന്‍ ഹനീഫ എന്ന നടനെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.

ലോഹിതദാസ് രചിച്ചതും സംവിധാനം ചെയ്തതുമായ ചിത്രങ്ങളില്‍ കാമ്പുള്ള കഥാപാത്രങ്ങളെയാണ് കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ചത്.
കിരീടത്തിന്‍റെ രണ്ടാംഭാഗമായ ചെങ്കോലിലും ഹൈദ്രോസിന്റെ ജീവിതത്തിന്‍റെ മറുപുറവും അവതരിപ്പിച്ചത് ഹനീഫയായിരുന്നു. ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍ , അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍‌ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍ , സൂത്രധാരനിലെ റിക്ഷാക്കാരന്‍ ‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍ തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളാണ്.

സൂത്രധാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി.
ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യം’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു. ഹനീഫയ്ക്കുള്ളില്‍ തികഞ്ഞ മാധ്യമബോധമുള്ള ഒരു സംവിധായകന്‍ ഉണ്ടെന്ന് വിളിച്ചറിയിച്ച സിനിമയായിരുന്നു വാത്സല്യം. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് 2010 ഫെബ്രുവരി രണ്ടിന്, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

മലയാളിയെ എക്കാലവും ചിരിപ്പിച്ച ചില ഹനീഫ ഡയലോഗുകള്‍ ‍......

‘എന്താടാ പന്നീ? കുത്തി മലത്തിക്കളയും ഞാന്‍ ‍’ ഹൈദ്രോസ് ചട്ടമ്പി (കിരീടം), ‘ആശാനേ… ഈ കാലുകള്‍ എന്റേതാണ് ആശാനേ…’എല്‍ദോ (മാന്നാര്‍ മത്തായി സ്പീക്കിംഗ്), ‘പിള്ളേച്ചാ, നമുക്ക് തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ?’ പെടലി (മീശമാധവന്‍ ).



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :