രഘുവരനെന്ന അലസ സൌന്ദര്യം

ശ്രീഹരി പുറനാട്ടുകര

PRO
മരണം നിശ്ചയമാണെങ്കിലും എല്ലാ മരണവും നമ്മളില്‍ ഞെട്ടലുണ്ടാക്കുന്നു. ഉയരമുള്ള അധികം ചിരിക്കാത്ത ഈ നടനെ എത്ര പെട്ടെന്നാണ് രംഗബോധമില്ലാത്ത കോമാളിയായ മരണം തട്ടിയെടുത്തത്!.

സെല്ലുലോയ്‌ഡിലെ അലസ സൌന്ദര്യമായിരുന്നു രഘുവരന്‍. ആസ്വാദകര്‍ക്ക് വാചാലത അദ്ദേഹത്തില്‍ ദര്‍ശിക്കുവാന്‍ കഴിയുകയില്ല. അലസ ചലനങ്ങളിലൂടെ അല്‍പ്പം വിക്കിക്കൊണ്ട് വെള്ളിത്തിരയില്‍ സംസാരിക്കുന്ന ഈ നടന്‍റെ ഭൌതിക സാന്നിദ്ധ്യം ഇനി ഉണ്ടാകില്ലെന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്.

വളരെക്കുറച്ച് മലയാള സിനിമകളില്‍ മാത്രമേ രഘുവരന്‍ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ സ്വഭാവ സവിശേഷതകള്‍ സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നതു മൂലമാണ് കൂടുതല്‍ മലയാള സിനിമകളില്‍ അദ്ദേഹത്തിന് അവസരം ലഭിക്കാതെയിരുന്നതെന്ന് സംവിധായകന്‍ രാജസേനന്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, തമിഴിലെ തിരക്കു മൂലമാണ് രഘുവരന്‍ മലയാള സിനിമകളില്‍ അധികം അഭിനയിക്കാതെയിരുന്നതെന്ന് നടന്‍ മമ്മൂട്ടി പറയുന്നു. ഈ വിഷയത്തില്‍ തര്‍ക്കം ഉണ്ടാകാം.

എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു രഘുവരന്‍. പല്ലപ്പോഴും ആ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായി.

അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് നടി രോഹിണി കടന്നു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കുത്തഴിഞ്ഞ ജീവിതത്തില്‍ അല്‍പ്പം മാറ്റം വന്നതായിരുന്നു. എന്നാല്‍, പിന്നീട് രഘുവരന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. തുടര്‍ന്ന് ഈ ബന്ധം 2004 ല്‍ വിവാഹമോചനത്തില്‍ അവസാ‍നിച്ചു.

ജീവിതത്തില്‍ അരാ‍ജകവാദപരമായ സമീപനങ്ങള്‍ പിന്തുടര്‍ന്നുവെങ്കിലും സ്വന്തമായ അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. വില്ലനായി, നായകനായി അദ്ദേഹം വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :