പൃഥ്വിയുടെ വിവാഹം ഏപ്രിലില്‍, ചടങ്ങിന് ബന്ധുക്കള്‍ മാത്രം!
WEBDUNIA|
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഏപ്രിലില്‍ വിവാഹിതനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു ടി വി ചാനലില്‍ റിപ്പോര്‍ട്ടറായ മലയാളി പെണ്‍കുട്ടിയാണ് വധു. ഉറുമിയുടെ റിലീസിന് ശേഷം വിഷുവിനോടനുബന്ധിച്ച് വിവാഹം നടത്താനാണ് തീരുമാനം. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമായി തിരുവനന്തപുരത്ത് റിസപ്ഷന് നടത്തും.
തെന്നിന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടി പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്. വളരെ ഇന്റലിജന്റായ കുട്ടിയെ രാജുവിന് ‘ക്ഷ’ ബോധിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. പെണ്‍കുട്ടിയെ കാണാന്‍ എല്ലാ വാരാന്ത്യങ്ങളിലും മുംബൈയിലേക്ക് പറക്കുക ശീലവുമാക്കി കക്ഷി.
എന്നാല്‍ ഇക്കാര്യമൊന്നും മാധ്യമങ്ങള്‍ അറിയാതെ സൂക്ഷിക്കുന്നതില്‍ പൃഥ്വിരാജ് മിടുക്ക് കാണിച്ചു. തനിക്ക് ഒരു പ്രണയമുള്ള കാര്യം അമ്മ മല്ലിക സുകുമാരനെയും സഹോദരന് ഇന്ദ്രജിത്തിനെയും അറിയിച്ചു. അവര്‍ക്കും സമ്മതം. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായിരുന്നു. വിവാഹം ഈ വര്‍ഷം തന്നെ വേണമെന്നുള്ളത് പൃഥ്വിയുടെ നിര്‍ബന്ധമായിരുന്നു.
ഒരു മലയാളി മേനോന് കുട്ടിയാണെന്നല്ലാതെ പെണ്‍കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും സംവൃതാ സുനില്‍, മീരാ ജാസ്മിന്, പ്രിയാമണി തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങളുമായുള്ള ഗോസിപ്പുകള്ക്കൊടുവില് സിനിമയില്‍ നിന്നല്ലാതെ പൃഥ്വി വധുവിനെ കണ്ടെത്തിയിരിക്കുകയാണ്.