2011ല്‍ ‘ഡേര്‍ട്ടി പിക്ചര്‍’ ബോളിവുഡില്‍ തരംഗമായി. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സിനിമ ലോകമെമ്പാടുനിന്നും ഇതുവരെ സമ്പാദിച്ചുകൂട്ടിയത് 114 കോടി രൂപയാണ്. ബോളിവുഡില്‍ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററാണ് സംവിധായകന് മിലന് ലുത്രിയ ഡേര്‍ട്ടി പിക്ചറിലൂടെ സൃഷ്ടിച്ചത്. സില്‍ക്ക് സ്മിതയുടെ ജീവിതം ആധാരമാക്കിയ സിനിമ ഒട്ടേറെ വിവാദങ്ങളും ക്ഷണിച്ചുവരുത്തി.
സ്മിതയായി മിന്നിത്തിളങ്ങിയതോടെ വിദ്യാ ബാലന്റെ മാര്‍ക്കറ്റും വര്‍ദ്ധിച്ചു. ഡേര്‍ട്ടി പിക്ചറിന് ശേഷം തന്റെ പ്രതിഫലം വിദ്യാ ബാലന് ഏഴുകോടിയാക്കി ഉയര്‍ത്തി. എന്തായാലും സില്‍ക്ക് സ്മിതയുടെ കഥ ഇത്ര വലിയ വിജയമായതോടെ ‘സ്മിത എഫക്ട്’ കൂടുതലായി ഉപയോഗിക്കാന്‍ തന്നെയാണ് ചില സംവിധായകരും നിര്‍മ്മാതാക്കളും തീരുമാനിച്ചിരിക്കുന്നത്.
സില്‍ക്ക് സ്മിതയെ ‘വണ്ടിച്ചക്രം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ച വിനു ചക്രവര്‍ത്തിയാണ് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാക്കാന്‍ ഒരുങ്ങുന്നത്. “വിജയലക്ഷ്മിയെ ഞാന്‍ ആണ് കണ്ടെത്തുന്നത്. അവള്‍ക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ആരോ എന്നോട് പറയുകയായിരുന്നു. അവളെ ഞാന്‍ സില്‍ക്ക് സ്മിതയാക്കി അവതരിപ്പിച്ചു. ഞാന്‍ അറിയുന്ന, മനസിലാക്കിയ സില്‍ക്കിനെക്കുറിച്ച് സിനിമയെടുക്കാനാണ് ഞാന്‍ ഒരുങ്ങുന്നത്” - വിനു ചക്രവര്‍ത്തി പറയുന്നു.
ഡേര്‍ട്ടി പിക്ചറിലൂടെ പറയാതെ പോയ പല സംഭവങ്ങളും സ്മിതയുടെ ജീവിതം പറയുന്ന പുതിയ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേര്‍ട്ടി പിക്ചറല്ല, താന്‍ എടുക്കുന്ന സിനിമയായിരിക്കും സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ ജീവിതകഥ എന്നാണ് വിനു ചക്രവര്‍ത്തി അവകാശപ്പെടുന്നത്.
വാല്‍ക്കഷണം: ലേലം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിനു ചക്രവര്‍ത്തി. തെന്നിന്ത്യയില്‍ ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനു ചക്രവര്‍ത്തി സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്.