Last Modified വെള്ളി, 29 ജനുവരി 2016 (16:30 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ്. ഈ സിനിമയ്ക്ക് ഇപ്പോള്‍ തമിഴ് റീമേക്ക് സംഭവിക്കുകയാണ്. ‘ബാംഗ്ലൂര്‍ നാട്കള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ‘ബൊമ്മറിലു’ എന്ന തെലുങ്ക് മെഗാഹിറ്റ് ഒരുക്കിയ ഭാസ്കറാണ്.
തനിക്ക് വലിയ തലവേദന സൃഷ്ടിച്ച സിനിമയാണ് ബാംഗ്ലൂര്‍ നാട്കള്‍ എന്ന് സംവിധായകന്‍ പറയുന്നു. താരങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിലാണ് ഭാസ്കര്‍ പെടാപ്പാട് പെട്ടത്.
“ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രമായി ആര്യയെയും ഫഹദിന്‍റെ വേഷത്തില്‍
റാണ ദഗ്ഗുബാട്ടിയെയും പാര്‍വതിയുടെ വേഷം അവര്‍ തന്നെ അവതരിപ്പിക്കട്ടെ എന്നും നേരത്തേ തീരുമാനിച്ചിരുന്നു. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തിലാണ് പ്രശ്നം സംഭവിച്ചത്. ഒരുപാട് പേരെ വിവിധ വേഷങ്ങളിലേക്കായി പരിഗണിച്ചു. ഒന്നും ശരിയായില്ല.
നസ്രിയ അവതരിപ്പിച്ച കഥാപാത്രമായി അവരെ തന്നെ കൊണ്ടുവരാന്‍ നോക്കി. എന്നാല്‍ വിവാഹം കഴിഞ്ഞതിനാല്‍ അതിന് സാധിച്ചില്ല. ഒടുവില്‍ ശ്രീദിവ്യയെ ആ കഥാപാത്രത്തിനായി നിശ്ചയിച്ചു. നിത്യാ മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി സമാന്തയും വന്നു” - ഭാസ്കര്‍ പറയുന്നു.
“ചിലരെ ഞങ്ങള്‍ പരിഗണിച്ചു. ചിലര്‍ ഞങ്ങള്‍ ഈ വേഷം ചെയ്യട്ടേ എന്ന് ഇങ്ങോട്ടുചോദിച്ചുവന്നു. ചിലര്‍ വന്നിട്ട് പിന്നീട് കളംവിട്ടുപോയി. എട്ടുമാസം സമയമാണ് താരങ്ങളെ നിശ്ചയിക്കാന്‍ മാത്രം എടുത്തത്. സിനിമ ഉപേക്ഷിച്ച് പോയാലോ എന്നുപോലും തോന്നി. ഒടുവില്‍ എല്ലാം നല്ലരീതിയില്‍ വന്നു” - ഭാസ്കര്‍ വ്യക്തമാക്കുന്നു.
നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തെ ബോബി സിംഹ അവതരിപ്പിക്കും. ഉടന്‍ റിലീസാകുന്ന ബാംഗ്ലൂര്‍ നാട്‌കള്‍ വന്‍ വിജയപ്രതീക്ഷയാണ് സമ്മാനിക്കുന്നത്.