ലൊക്കേഷനില്‍ ഫോണ്‍ കൊണ്ടുപോകില്ല, ഡേറ്റ് വേണ്ടവര്‍ ലൊക്കേഷനിലെത്തട്ടെ: ആസിഫ് അലി
WEBDUNIA|
PRO
സിനിമയുടെ ലൊക്കേഷനില്‍ താന്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ലെന്നും തന്നോട് കഥ പറയണമെന്നുള്ളവര്‍ ലൊക്കേഷനില്‍ വന്നാല്‍ കഥ കേള്‍ക്കുന്നതിന് കൂടുതല്‍ സൌകര്യമാകുമെന്നും യുവനടന്‍ ആസിഫ് അലി. താനിപ്പോള്‍ സെലക്ടീവാണെന്നും കഥ കേട്ട് ഇഷ്‌ടമായില്ലെങ്കില്‍ സീനിയര്‍ സംവിധായകരോടാണെങ്കില്‍ പോലും അക്കാര്യം തുറന്നുപറയുമെന്നും ആസിഫ് അലി വ്യക്തമാക്കി.
മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം പറയുന്നത്. ഒരു സിനിമ തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും ഫോണ്‍ ഉപയോഗിക്കുകയില്ല എന്നത് തന്‍റെ വ്യക്‌തിപരമായ കാര്യമാണെന്നും ആസിഫ് ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
തന്നോട് കഥ പറയാനുള്ളവരും ഡേറ്റ് ആഗ്രഹിക്കുന്നവരുമൊക്കെ ലൊക്കേഷനിലേക്ക് എത്തിയാല്‍ സൌകര്യമാകുമെന്നാണ് താരം പറയുന്നത്. “ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാല്‍ കഥ കേള്‍ക്കാമല്ലോ. മാത്രമല്ല ഡേറ്റ് നല്‍കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനും കഴിയും” - ആസിഫ് അലി പറയുന്നു.