"മുകേഷിനേക്കാള്‍ നല്ലത് നാടകക്കാര്‍"

ഹണി ആര്‍ കെ

WEBDUNIA|
PRO
വാക്കുകളില്‍ പകുക്കാവുന്നതല്ല പ്രണയം. അത് അനുഭവിച്ച് തന്നെ അറിയണം. പ്രണയം അനുഭവിച്ചവനാണ് കൂനന്‍. പ്രണയത്തിന് വേണ്ടിയാണ് കൂനാകേണ്ടി വന്നതുപോലും. കൂനന്‍ പ്രണയിക്കാന്‍ തുടങ്ങിയത് 2004 സൂര്യ ഫെസ്റ്റിവല്‍ മുതലാണ്. മനോജ് കുളൂര്‍ സംവിധാനം ചെയ്ത കൂ‍നന്‍ എന്ന സോളോ ഡ്രാമയുമായി മഞ്ജുളന്‍ യാത്ര തുടങ്ങിയത് പുതിയൊരു നാടകാനുഭവത്തിലേക്കായിരുന്നു. അതിന് ശേഷം പലരും കൂനനെ അനുകരിച്ചും അല്ലാതെയും സോളോഡ്രാമയുമായി വന്നു. പക്ഷേ, പ്രണയിച്ചിട്ട് കൊതി തീരാഞ്ഞാകണം കൂനന്‍ അവരെയൊക്കെ ഏറെ പിന്നിലാക്കി. കൂനനുമായി മഞ്ജുളന്‍ ചെല്ലാത്ത ക്യാമ്പസ്സുകള്‍ കുറവാണ് കേരളത്തില്‍. കടലിനപ്പുറവും കൂനന്റെ പ്രണയത്തിന്റെ വേദനയറിഞ്ഞു. കഴിഞ്ഞ മാസം ഗള്‍ഫില്‍ കൂനന്‍ എന്ന ഒറ്റയാള്‍ നാടകത്തിന്റെ ആയിരാമത്തെ വേദി പിന്നിട്ടു.

കൂനന് മുന്‍‌പ് ചെഗുവേരയായും മഞ്ജുളന്‍ പകര്‍ന്നാട്ടം നടത്തിയിരുന്നു. ഡിസംബര്‍, വധക്രമം എന്നീ സിനിമകളിള്‍ നായകനായ മഞ്ജുളന്‍ അപരിചിതന്‍, പ്രജാപതി, ഭാഗ്യദേവത തുടങ്ങിയ സിനിമകളിലും അന്വേഷി, ശ്രീ മഹാഭാഗവതം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ ഒന്നാം‌ റാങ്കോടെ ബിരുദം നേടിയ മഞ്ജുളന്‍ കാലടി സര്‍വകലാശാലയില്‍ നിന്ന് ക്ലാസിക്കല്‍ തീയേറ്ററില്‍ ബിരുദാനന്തര ബിരുദവും നേടി. 1998ല്‍ കേളുവെന്ന നാടകത്തിന് മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരവും മഞ്ജുളന് ലഭിച്ചു.

കേരളത്തില്‍ നാ‍ടകം അവഗണിക്കപ്പെടുന്നതില്‍ മഞ്ജുളന് ശക്തമായ പ്രതിഷേധമുണ്ട്. മഞ്ജുളന്‍ വെബ്ദുനിയയോട് മനസ്സു തുറക്കുന്നു.

ഗള്‍ഫിലെ നാടകാവതരണത്തെ കുറിച്ച് ?

ഷാര്‍ജയില്‍ നാടകം കളിച്ചതിന്റെ പേരില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ ജയിലിലടയ്ക്കപ്പെട്ടിരുന്നല്ലോ. ആ സംഭവത്തിന് ശേഷം ആദ്യമായി അവിടത്തെ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് നാടകം കളിക്കുന്നത് ഞാനാണ്. 400 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഓഡിറ്റോറിയമാണ് അവിടത്തേത്. 500ഓളം പേരായിരുന്നു നാടകം കാണാന്‍ വന്നത്. അതിനാല്‍ നിലത്ത് പായ വിരിക്കാന്‍ ഞാന്‍ പറഞ്ഞു. ആള്‍ക്കാര്‍ പായയിലിരുന്ന് നാടകം കാണാന്‍ തയ്യാറാകുമോ എന്ന് സംഘാടകര്‍ക്ക് സംശയമുണ്ടായിരുന്നു. ആദ്യം നാലോ അഞ്ചോ പേര്‍ മാത്രമേ പായയില്‍ ഇരുന്നുള്ളു. പക്ഷേ നാടകം പുരോഗമിച്ചപ്പോള്‍ ബാക്കിയുള്ളവരും പായയിലിരിക്കാന്‍ തയ്യാറായി. നാടകം കഴിഞ്ഞിട്ട് കുറേ പേര്‍ എന്നെ നേരിട്ട് അഭിനന്ദിച്ചു. അഞ്ചോളം വേദികളില്‍ ഞാന്‍ അവിടെ കൂനന്‍ അവതരിപ്പിച്ചു.

കേരളത്തിലെയും ഗള്‍ഫിലെയും പ്രേക്ഷകര്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്?

ഗള്‍ഫിലുള്ളവര്‍ അപ്പപ്പോള്‍ പ്രതികരണം അറിയിക്കും. കേരളത്തില്‍ അങ്ങനെയല്ല. നമ്മുടെ ആളുകള്‍ക്ക് മടിയാണ് മറ്റുള്ളവരെ അഭിനന്ദിക്കാന്‍. നാടകം ആസ്വദിക്കുന്നുണ്ട് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകര്‍.

സ്റ്റാര്‍ നൈറ്റുകള്‍ അടിച്ചുപൊളിക്കുന്ന നാടാണല്ലോ ഗള്‍ഫ്. അതിനാല്‍ നാടകത്തിന് നല്ല സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രവൃത്തി ദിവസമായിട്ട് കൂടി, കേരള സോഷ്യല്‍ സെന്‍ററില്‍ വച്ച് നടത്തിയ പെര്‍ഫോമന്‍സ് കാണാന്‍ ആയിരത്തോളം പേര്‍ ഉണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറുള്ള നാടകം ഒരു മണിക്കൂറിലധികം ഗള്‍ഫില്‍ കളിച്ചു. അതില്‍ അവിടത്തെ പ്രേക്ഷകരുടെ പങ്കാളിത്തവും വലുതാണ്. നാടകത്തില്‍ നിന്ന് കിട്ടുന്ന സ്നേഹം ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ അനുഭവപ്പെട്ടത്. നടന്റെ മൂല്യം കടലിന് അക്കരെ നിന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.

ഒരു പൊതുചോദ്യം. ഇപ്പോള്‍ കേരളത്തില്‍ നാടകത്തിന് തളര്‍ച്ചയാണോ വളര്‍ച്ചയാണോ?

പ്രൊഫഷണല്‍ നാടകവേദി തളര്‍ന്നു. അവ പുതിയ കാര്യങ്ങള്‍ പറയുന്നില്ല. പക്ഷേ, കല എന്ന രീതിയില്‍ നല്ല പരീക്ഷണങ്ങള്‍ നടത്തുന്ന യഥാര്‍ഥ നാടകവേദി ഇപ്പോള്‍ ശക്തമാണ്. നാടകം യൂണിവേഴ്സല്‍ ആണെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. അതിന്റെ തെളിവാണ് തൃശൂര്‍ നാടകോത്സവത്തിന്റെ വിജയവും സ്കൂള്‍ ഓഫ് ഡ്രാമയുടെ പുതിയ പരീക്ഷണനാടകങ്ങളുമൊക്കെ.

സ്കൂള്‍ ഓഫ് ഡ്രാമ നാടകത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് മുമ്പ് ഇ പി രാജഗോപാലന്‍ അഭിപ്രായപ്പെട്ടിരുന്നല്ലോ?

രാജഗോപാലന്‍ മാഷൊക്കെ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ നാടകപ്രവര്‍ത്തകരില്‍ 90 ശതമാനം പേരും സ്കൂള്‍ ഓഫ് ഡ്രാമയോട് കടപ്പെട്ട് നില്‍ക്കുന്നവരാണ്. എല്ലാവരും അവിടെ പഠിച്ചു എന്നര്‍ത്ഥത്തിലല്ല ഞാന്‍ പറയുന്നത്. ചിലര്‍ സ്കൂള്‍ ഓഫ് ഡ്രാമയോട് സഹകരിക്കുന്നവരുടെ കളരിയില്‍ പഠിച്ചവരാണ്. സംവിധായകന്‍ പ്രിയനന്ദനനൊക്കെ ജോസ് ചിറമ്മലിന്റെ കളരിയില്‍ നിന്ന് വന്നതാണ്. ലോക നാടകവേദിയില്‍ ശ്രദ്ധിക്കപ്പെട്ട ജ്യോതിഷ്, ദീപന്‍, ശങ്കര്‍ എന്നിവരൊക്കെ സ്കൂള്‍ ഓഫ് ഡ്രാമയുടെ സംഭാവനകളാണ്. എന്തിന് ഏറെ പറയുന്നു? ഇ പി രാജഗോപാലന്‍ മാഷിന് നാടകവേദിയില്‍ ആരാണ് സ്ഥാനം നേടിക്കൊടുത്തത്? മാഷിന്റെ കേളുവെന്ന നാടകം സംവിധാനം ചെയ്തത് ഞാനാണ്.

അടുത്ത പേജില്‍ - മുകേഷ് വന്നതില്‍ ദോഷമില്ല, പക്ഷേ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :