WEBDUNIA|
Last Modified വ്യാഴം, 17 ജൂണ്‍ 2010 (14:38 IST)
PRO
മറുഭാഷാ ചിത്രങ്ങളില്‍ തനിക്ക് തിരക്കു കുറഞ്ഞതായി തെന്നിന്ത്യന്‍ താരറാണി നയന്‍താര സമ്മതിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാനെത്തിയതെന്നും അവര്‍ ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചു. മലയാള ചിത്രമായ ‘ഇലക്‍ട്ര’യുടെ ലൊക്കേഷനില്‍ വച്ചാണ് നയന്‍സ് അഭിമുഖം നല്‍കിയത്.
“തിരക്കുകുറഞ്ഞു എന്നത് വസ്തുതയാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയതിന് അതുമാത്രമല്ല കാര്യം. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ആഗ്രഹിച്ച താരപദവി എനിക്കു ലഭിച്ചു. ഒരു നടി ആഗ്രഹിക്കുന്ന പ്രശസ്തി, സ്റ്റാറ്റസ് എല്ലാം. കുറച്ചുകാലത്തിന് ശേഷം - ജീവിതത്തില്‍ സെറ്റില്‍ ആകുമ്പോള്‍, ഞാന്‍ ഓര്‍മ്മിക്കപ്പെടുക എന്‍റെ താരപദവി കൊണ്ടായിരിക്കില്ല. അത് ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെയായിരിക്കും. അങ്ങനെ പറയാന്‍ എനിക്ക് നാലഞ്ചു ചിത്രങ്ങളെങ്കിലും ഉണ്ടായിരിക്കണം. അതുകൊണ്ടുകൂടിയാണ് ഞാന്‍ ഇപ്പോള്‍ മലയാളത്തിലെത്തിയത്” - നയന്‍താര വ്യക്തമാക്കി.
“നമ്മുടെ ഹീറോസായാലും ഹീറോയിന്‍സായാലും ആത്യന്തികമായി അവരുടെ ലക്‍ഷ്യം ഒരു സ്റ്റാര്‍ ആകുക എന്നതായിരിക്കും. എല്ലാവരും നല്ല ആക്ടേഴ്സായിരിക്കും. എന്നാല്‍ ഒരു സ്റ്റാര്‍ ആകുക എന്നത് നിസാര കാര്യമല്ല. അതിന് ലക്‍ഷക്കണക്കിന് ആളുകള്‍ അവരെ ഇഷ്ടപ്പെടണം. ആ ഇഷ്ടപ്പെടലിന് കാരണമോ അതിന്‍റെ നിയന്ത്രണമോ നമ്മുടെ കയ്യിലല്ല. അതൊരു മാജിക്കാണ്” - നയന്‍സ് പറയുന്നു.
തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെക്കുറിച്ചും നായിക പ്രതികരിച്ചു. “എന്നെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ എനിക്കറിയാം. ലൊക്കേഷനില്‍ മാത്രമേ ഞാന്‍ സ്ക്രിപ്റ്റ് ഡിസ്കഷന്‍ അനുവദിക്കാറുള്ളൂ. അതിനുവേണ്ടി ഞാന്‍ സംവിധായകന്‍റെ മുറിയില്‍ പോകാറില്ല. എന്‍റെ കാരവനില്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. ഞാന്‍ ഒരു സ്റ്റാര്‍ ആണ്. ഗോസിപ്പ് ഉണ്ടാകുന്നത് സ്വാഭാവികം. അത് ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്കറിയാം” - നയന്‍സ് പറഞ്ഞു.