ഈ വര്‍ഷം ആദ്യ ആറുമാസത്തെ മലയാള സിനിമയുടെ ബോക്സോഫീസ് കണക്കെടുപ്പുകളില്‍ ഏഴു ഹിറ്റുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ പ്രമാണി, മോഹന്‍ലാലിന്‍റെ അലക്സാണ്ടര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘പ്രമാണി’ തനിക്ക് ലാഭമുണ്ടാക്കിത്തന്ന സിനിമയാണെന്ന് അവകാശവാദമുന്നയിച്ച് നിര്‍മ്മാതാവ് ബി സി ജോഷി രംഗത്തെത്തിയിരിക്കുന്നു.
“ഞാന്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ചു. മാടമ്പിയും പ്രമാണിയും. നിര്‍മ്മാതാവ് എന്ന നിലയില്‍ ഇവ രണ്ടും എനിക്ക് ലാഭം നേടിത്തന്ന ചിത്രങ്ങളാണ്. മാടമ്പി നല്ലൊരു തുടക്കമായിരുന്നു. പ്രമാണി അത് ഒന്നുകൂടി ഉറപ്പിച്ചു” - ബി സി ജോഷി വ്യക്തമാക്കി. ഒരു പ്രമുഖ ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 26നാണ് പ്രമാണി റിലീസായത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൌസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. റിലീസ് ദിവസം തന്നെ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ പരന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രമാണി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ആളൊഴിയുകയും ചെയ്തു. മമ്മൂട്ടി അഭിനയിച്ചിട്ടുപോലും പ്രമാണിക്ക് വേണ്ടത്ര ഇനിഷ്യല്‍ പുള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരുന്നു.
രണ്ടു കോടി 80 ലക്ഷം രൂപയാണ് പ്രമാണിയുടെ ബജറ്റ്. ഈ സിനിമ തിയേറ്ററില്‍ നിന്ന് വേണ്ട കളക്ഷന്‍ നേടിയില്ലെങ്കിലും ചാനല്‍, ഓവര്‍സീസ് റൈറ്റുകള്‍ ഭേദപ്പെട്ടതായിരുന്നു.