Last Updated:
ചൊവ്വ, 7 മാര്‍ച്ച് 2017 (14:49 IST)
ടി അരുണ്‍കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ ആദ്യപുസ്തകം നമ്മള്‍ വായിച്ചതാണ്. ‘ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി’ എന്ന സിനിമയുടെ പിറവിയായിരുന്നു ആ പുസ്തകത്തിന്‍റെ വിഷയം. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയ അധ്വാനം, സൃഷ്ടിരസങ്ങള്‍, വെല്ലുവിളികള്‍, തമാശകള്‍, സങ്കടങ്ങള്‍ എല്ലാം ആ പുസ്തകം പങ്കുവച്ചു.
അരുണിന്‍റെ രണ്ടാം പുസ്തകവും ഒരു സിനിമയെക്കുറിച്ചാണ്. മലയാള സിനിമയുടെ വാണിജ്യവിജയത്തിന് പുതിയ ഉയരം കണ്ടെത്തിയ പുലിമുരുകനെക്കുറിച്ച്. 150 കോടിയിലധികം കളക്ഷന്‍ നേടിയ ഒരു സിനിമയുടെ തുടക്കം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച്. ആദ്യചിന്തയില്‍ നിന്ന് ഒരു മഹാപര്‍വ്വതത്തിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച്. മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച്. വൈശാഖ് എന്ന സംവിധായകന്‍റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്.
'പുലിമുരുകന്‍ - ബോക്സോഫീസിലൊരു ഗര്‍ജ്ജനം’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ നൂറ്റമ്പതാം ദിനത്തില്‍ മോഹന്‍ലാല്‍ പുസ്തകം പ്രകാശനം ചെയ്തു.
“പുലിമുരുകന്‍റെ നിര്‍മ്മാണഘട്ടത്തില്‍ ഒരാളോടുപോലും പങ്കുവയ്ക്കാന്‍ കഴിയാത്ത പ്രശ്നങ്ങളിലൂടെയും മാനസിക സംഘര്‍ഷങ്ങളിലൂടെയും സംവിധായകന്‍ വൈശാഖ് കടന്നുപോയിട്ടുണ്ട്. ആ പ്രശ്നങ്ങളെല്ലാം സ്വയം പരിഹരിക്കാനായിരുന്നു ശ്രമം. വലിയ ഒരു സിനിമയുടെ ബഹളമയമായ ചിത്രീകരണത്തിരക്കിലും അത്തരത്തില്‍ ഒരു ഏകാന്തത വൈശാഖിനുണ്ടായിരുന്നു. മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തിന് ‘ഏകാന്തതയുടെ അഭ്രദ്വീപ്’ എന്നാണ് പേര്. വൈശാഖുമായുള്ള ദീര്‍ഘസംഭാഷണമാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്” - അരുണ്‍കുമാര്‍ പറയുന്നു.
പുലിമുരുകന്‍ മലയാളത്തിലുണ്ടായ ഉദാത്തമായ സിനിമയൊന്നുമല്ല. പക്ഷേ, മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. റിലീസായി ആഴ്ചകളോളം ടിക്കറ്റ് ലഭിക്കാതെ ജനം നെട്ടോട്ടമോടിയത് നാം കണ്ടതാണ്. പുലിമുരുകന്‍ കളിക്കുന്ന തിയേറ്റര്‍ പരിസരങ്ങള്‍ എപ്പോഴും പൂരപ്പറമ്പിനെ അനുസ്മരിപ്പിച്ചിരുന്നു.
ജനക്കൂട്ടത്തിന് തള്ളിക്കയറാന്‍ പ്രചോദനം നല്‍കിയ എന്ത് ഘടകമാണ് പുലിമുരുകനില്‍ ഉണ്ടായിരുന്നത്? ഇത്രവലിയ വിജയം നേടാന്‍ മാത്രം എന്ത് ഫോര്‍മുലയാണ് വര്‍ക്കൌട്ടായത്? ജനപ്രിയതയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്? അതേക്കുറിച്ചുള്ള ഗൌരവതരമായ പരിശോധനയാണ് പുസ്തകത്തിന്‍റെ ഒന്നാം ഭാഗത്തില്‍ നടത്തുന്നത്.
“പല വലിയ തിയേറ്ററുകളിലും ടിക്കറ്റ് കിട്ടാതെ ഒടുവില്‍ റിലീസിന്‍റെ മൂന്നാം ദിവസം എന്‍റെ നാട്ടിന്‍പുറത്തെ തിയേറ്ററിലാണ് ഞാന്‍ പുലിമുരുകന്‍ കാണുന്നത്. ഒരു സിനിമ ഓഡിയന്‍സിനെ ഇങ്ങനെ തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുന്നതിന്‍റെ കാരണങ്ങളാണ് ഞാന്‍ അന്വേഷിച്ചത്. എന്ത് സോഷ്യല്‍ സൈക്കോളജിയാണ് ഇതിനുപിന്നില്‍ എന്നാണ് അന്വേഷിച്ചത്” - അരുണ്‍ പറയുന്നു. പുസ്തകത്തിന്‍റെ മൂന്നാം ഭാഗത്തില്‍ ടോമിച്ചന്‍ മുളകുപാടം, ഷാജി, പീറ്റര്‍ഹെയ്ന്‍,
ഉദയ്കൃഷ്ണ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും ചിത്രത്തിന്‍റെ ടെക്നിക്കല്‍ അനാലിസിസുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു മാസ് സിനിമ ചെയ്യുക എന്നത് ഒരു ക്ലാസ് ചിത്രം ചെയ്യുന്നത്രയോ അതിലധികമോ ബൌദ്ധികശ്രമവും ആവശ്യമുള്ള കാര്യമാണ്. പുലിയെ മനുഷ്യന്‍ വേട്ടയാടുന്നതിന്‍റെ കഥ വൈശാഖ് പറഞ്ഞാലും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞാലും അതിന്‍റെ അധ്വാനവും ചിന്തയും ഒരേപോലെ വലുതാണ്. സിനിമ എന്ന കലയുടെ ആ ഏകമുഖമാണ് ഈ പുസ്തകത്തിലൂടെ അരുണ്‍കുമാര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
നമ്മുടെ പല വിഖ്യാതചിത്രങ്ങള്‍ക്കും ചരിത്രത്തില്‍ കൃത്യമായ ഒരു രേഖപ്പെടുത്തലില്ല. സ്വയംവരമായാലും പടയോട്ടമായാലും ചെമ്മീനായാലും വടക്കന്‍ വീരഗാഥയായാലും സിനിമ ഒരു ഓര്‍മ്മയായി മാത്രം അവശേഷിക്കുന്നു. ആ സിനിമകള്‍ സൃഷ്ടിക്കപ്പെട്ടതിന് പിന്നിലെ ശ്രമങ്ങളുടെയും നേരിട്ട പ്രതിസന്ധിയുടെയും കഥകള്‍ അതത് സിനിമയുമായി ബന്ധപ്പെട്ടവരുടെ മാത്രം മനസുകളില്‍ നിലനില്‍ക്കുന്നു. അങ്ങനെയല്ലാതെ, പലതലങ്ങളില്‍ പ്രാധാന്യമുള്ള സിനിമകളെ കൃത്യമായി അടയാളപ്പെടുത്തിവയ്ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അത്തരത്തില്‍ ഒരു ഡോക്യുമെന്‍റിനാണ് 'പുലിമുരുകന്‍ - ബോക്സോഫീസിലൊരു ഗര്‍ജ്ജനം’ എന്ന പുസ്തകത്തിലൂടെ ആത്യന്തികമായി ശ്രമിക്കുന്നത്.