തൊഴില്‍പരമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് നടന്‍ തിലകന്‍. കൈരളി ചാനല്‍ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാം ആദ്യകാല കമ്യൂണിസ്റ്റായ തന്നെ തഴഞ്ഞതിന്‍റെ കാരണമെന്നും തിലകന്‍ തുറന്നടിച്ചു.
മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ മമ്മൂട്ടിക്കും പിണറായിക്കുമെതിരെ രംഗത്തെത്തിയത്.
“പിണറായി വിജയനും കൈരളി ചാനലും എനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് കൈരളി ടിവിയുടെ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് തൊഴില്‍ പ്രശ്നമുണ്ടായപ്പോള്‍ സാംസ്കാരികമന്ത്രി എം എ ബേബിയെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയനെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും ബേബി എന്നെ അറിയിച്ചു. എന്നാല്‍ പിണറായി എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന്‍ പറയുന്നു.
സി പി എം തന്നെ പിന്തുണച്ചില്ലെങ്കിലും സി പി ഐയുടെ തൊഴിലാളി സംഘടന തനിക്ക് നല്‍കിയ പിന്തുണയില്‍ തിലകന്‍ സന്തോഷം പ്രകടിപ്പിച്ചു. മലയാള സിനിമയില്‍ അധോലോകസംഘങ്ങള്‍ പണം മുടക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ തിലകന്‍ പക്ഷേ, മലയാള സിനിമയില്‍ അധോലോകത്തിന് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചു.
അതേ സമയം, മുംബൈ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയ തിലകന്‍ താരസംഘടനായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. നടന്‍ ശ്രീനാഥിന്‍റെ മരണം സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.