പക്ഷേ ..ജയരാജ് നിരാശനാണ്

WEBDUNIA|
സിനിമയില്‍ നടത്തുന്ന പരീക്ഷണങ്ങളാണ് ജയരാജിനെ മറ്റ് മലയാള സംവിധായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സൂപ്പര്‍താരങ്ങളെ വച്ച് പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങള്‍ എടുത്തു. നവരസങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്ര പരമ്പര തീര്‍ത്തു. രണ്ട് മണിക്കൂര്‍ 14 മിനിറ്റുകൊണ്ട് അത്ഭുതമെന്ന സിനിമ തീര്‍ത്ത് അത്ഭുതം സൃഷ്ടിച്ചു. പക്ഷേ, മലയാളത്തില്‍ വ്യത്യസ്ത പരീക്ഷണവുമയി പുതിയ സിനിമ ഒരുക്കിയ ജയരാജ് നിരാശനാണ്. ആനന്ദഭൈരവി എന്ന ചിത്രം സംസ്ഥാന അവാര്‍ഡ് നിര്‍ണയ ജൂറിമാര്‍ തഴഞ്ഞതില്‍ ദു:ഖമുണ്ടെന്ന് ജയരാജ് മറച്ചു വയ്ക്കുന്നില്ല.

ചോദ്യം: ആനന്ദഭൈരവി ചെയ്തപ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
ഉത്തരം:പുരസ്കാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടല്ല സിനിമ നിര്‍മ്മിക്കുന്നത്. എന്നാല്‍ അര്‍ഹമായവ നഷ്ടപ്പെടുന്നതില് വിഷമമുണ്ട്.കഴിഞ്ഞ സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ആനന്ദഭൈരവിക്ക് അര്‍ഹമായ അംഗീകാരം കിട്ടാത്തത് എന്‍റെ ജീവിതത്തിലെ ഏറ്റവും വേദനയുണ്ടാക്കിയ നിമിഷങ്ങളായിരുന്നു.മികച്ച പ്രകടനങ്ങള്‍ ജൂറി കാണാതെ പോയി.

ചോദ്യം: ആര്‍ക്കാണ് അംഗീകാരം കിട്ടാതെ പോയത്?
ഉത്തരം: ആനന്ദഭൈരവി മികച്ച സിനിമയായി തെരഞ്ഞെടുക്കണമെന്നല്ല ഉദ്ദേശിച്ചത്. ദേവദാസ് എന്ന ബാലനായിരുന്നു എന്‍റെ സിനിമയിലെ നായകന്‍.മലയാള സിനിമയിലെ മികച്ച നടനായിരുന്ന രാമുവിന്‍റെ മകന്‍. ദേവദാസ് മികച്ച പ്രകടനമാണ് സിനിമയില്‍ നടത്തിയത്. എന്നാല്‍ ബാലതാരത്തിനുള്ള പുരസ്കാരത്തിന് അവനെ പരിഗണിക്കാതിരുന്നത് വിഷമമുണ്ടാക്കി.സായ്കുമാറിനെ
സഹനടനായി തെരഞ്ഞെടുത്തു. പ്രധാന നടനുള്ള പുരസ്കാരം തന്നെ ലഭിക്കേണ്ടിയിരുന്നു.

ചോദ്യം: സിനിമയില്‍ സായ്കുമാറിന്‍റെ പ്രകടനം എങ്ങനെയായിരുന്നു?
ഉത്തരം: ഒരുകഥകളി നടനെയാണ് സായ്കുമാര്‍ അവതരിപ്പിച്ചത്. കഥകളി നടന്മാര്‍ ദീര്‍ഘകാലം പരിശ്രമിച്ച് ചെയ്യുന്ന വേഷങ്ങള്‍ എല്ലാ ഭാവങ്ങളും ഉള്‍കൊണ്ട് അവതരിപ്പിക്കാന്‍ സായ്കുമാറിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ പ്രകടനമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്.ഇതുവരെ ആരും കണ്ടിട്ടില്ലാത്ത സായ്കുമാറിനെയാണ് സിനിമയില്‍ കാണുന്നത്.

ചോദ്യം: ആനന്ദഭൈരവിയുടെ ഇതിവൃത്തം?
ഉത്തരം: സംഗീതത്തില്‍ അപാര പാണ്ഡ്യത്യവുമായി പിറന്ന ഒരു ബാലന്‍റെ കഥയാണ് സിനിമ.ചെറുതിലെ അവനെ മരണം വരിക്കുന്നു. അവന്‍റെ പ്രതിഭയെ ആദ്യം തിരസ്കരിക്കുന്നത്, പിന്നെ തിരിച്ചറിയുന്നത്, ഒടുവില്‍ അവന്‍ മരിക്കുന്നത്.അവന്‍റെ കുടുംബത്തിന്‍റെ വേദന അതായിരുന്നു ആനന്ദഭൈരവി. സംഗീതം തന്നെയാണ് സിനിമയുടെ മുഖ്യ കഥാപാത്രം, ശങ്കാരഭരണത്തിന്‍റെ ഗണത്തില്‍
പെടുത്താവുന്ന ഒരു സിനിമയാണത്.

ചോദ്യം: ആനന്തഭൈരവിയുടെ ഇതിവൃത്തം എങ്ങനെ ലഭിച്ചു?
ഉത്തരം: മാടമ്പാണ് കഥയും തിരക്കഥയും ഒരുക്കിയത്. ചെറിയ വയസിലെ ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ച് പ്രതിഭ തെളിയിച്ച് അന്തരിച്ച ക്ളിന്‍റിന്‍റെ ജീവിതം എന്‍റെ മനസിലുണ്ടായിരുന്നു.

ചോദ്യം: മലയാള സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്, പുതുമുഖ സംവിധായകരെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഉത്തരം: പുതിയ സംവിധായകാരില്‍ രണ്ടു കുറവുകളാണ് പ്രധാനമായും ഞാന്‍ കാണുന്നത്. ഒന്ന്. പലര്‍ക്കും സംഗീത ബോധമില്ല. രണ്ട്. നല്ല ഫ്രയിം വയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്‍റെ എല്ലാ സിനിമകളിലേയും ഗാനങ്ങള്‍ ഹിറ്റാണ്. സിനിമയുടെ ആദ്യാവസാനം സംഗീതത്തില്‍ ഞാന്‍വളരെയധികം ശ്രദ്ധിക്കാറുണ്ട്.

ചോദ്യം: പുതിയ സംവിധായകരില്‍ പ്രതീക്ഷയില്ലെന്നാണോ?
ഉത്തരം: കഴിവുള്ളവര്‍ ധാരാളമുണ്ട്. ബ്ളസിയെപോലുള്ളവര്‍ പ്രത്യേക പാതതന്നെ വെട്ടിതുറന്നാണ് സഞ്ചരിക്കുന്നത്. സിനിമകള്‍ അംഗീകരിക്കപ്പെടുന്നതിന് പിന്നില്‍ പ്രേക്ഷകരുടെ മാറ്റവും പരിഗണിക്കപ്പെടേണ്ടതുണ്ട്. ചാനലുകളിലൂടെതമിഴ് ബോളീവുഡ് സിനികള്‍ ധാരാളമായി കാണുന്നതിലൂടെ മലയാളിയുടെ പൊതുവായ ആസ്വാദന രീതിയില്‍ പോലും മാറ്റം വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :