ജീത്തു ജോസഫിന്‍റേത് കിടിലന്‍ എഴുത്ത്; വാനോളം പുകഴ്ത്തി അജയ് ദേവ്ഗണ്‍ !

ജീത്തു ജോസഫ്, ദൃശ്യം, അജയ് ദേവ്ഗണ്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (14:50 IST)
‘ദൃശ്യം’ ഹിന്ദി പതിപ്പ് ജൂലൈ 31നാണ് റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം നിഷികാന്ത് കാമത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീയ സരണും തബുവുമാണ് നായികമാര്‍. മലയാളത്തില്‍ റെക്കോര്‍ഡ് വിജയമായ ദൃശ്യം ഹിന്ദിയിലും ആ മാജിക് ആവര്‍ത്തിക്കുമെന്നാണ് നടന്‍ അജയ് ദേവ്ഗണ്‍ പ്രതീക്ഷിക്കുന്നത്.

“ഏറെക്കാലത്തിന് ശേഷം ഞാന്‍ കേട്ട ഗ്രേറ്റ് സ്ക്രിപ്റ്റാണ് ദൃശ്യത്തിന്‍റേത്. ഇങ്ങനെയൊരു തിരക്കഥ രചിച്ചതിന് ജീത്തു ജോസഫിന് എല്ലാ അഭിനന്ദനങ്ങളും. തിരക്കഥ വായിച്ചുകേട്ട ഉടനെ ‘ഓകെ, ചെയ്യാം’ എന്ന് ഉറപ്പുകൊടുത്ത മറ്റൊരു ചിത്രവുമില്ല. പൂര്‍ണമായും ഒരു എഡ്ജ് ഓഫ് ദി സീറ്റ് കൊമേഴ്സ്യല്‍ ത്രില്ലറാണ് ദൃശ്യം. അഭിനേതാക്കള്‍ക്ക് പെര്‍ഫോമന്‍സിന് ഏറെ സ്കോപ്പുള്ള ഒരു സിനിമയായിരുന്നു ഇത്. ഒരിക്കലും പ്രേക്ഷകന് അലസമായി ഈ സിനിമ കണ്ടുതീര്‍ക്കാനാവില്ല” - അജയ് ദേവ്ഗണ്‍ പറയുന്നു.

ഹിന്ദി ദൃശ്യത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ദൃശ്യത്തിന്‍റെ മറ്റ് ഭാഷകളിലെ ട്രെയിലറുകളെക്കാള്‍ ഏറെ മുന്നിലാണ് ഹിന്ദി ട്രെയിലറെന്നാണ് പൊതുവെയുള്ള അഭിപ്രായം. വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

മലയാളം ദൃശ്യത്തിന്‍റെ നാലാമത്തെ റീമേക്കാണ് ഹിന്ദിയിലേത്. കന്നഡയിലും തെലുങ്കിലും ഈ സിനിമയുടെ റീമേക്കുകള്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയിരുന്നു. ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ ‘പാപനാശം’ ജൂലൈ 17ന് റിലീസ് ചെയ്യും. കമല്‍ഹാസനാണ് നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :