ആക്ഷന്‍ ചിത്രത്തില്‍ ഫഹദ്!

WEBDUNIA|
PRO
ഒരു ആക്ഷന്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല എന്ന് തീര്‍ത്തുപറയാന്‍ കഴിയുമോ? ചാപ്പാകുരിശും റെഡ് വൈനുമൊക്കെ ഒരര്‍ത്ഥത്തില്‍ ആക്ഷന്‍ ചിത്രങ്ങളല്ലേ? എന്നാല്‍ വലിയ ആക്ഷന്‍ സീനുകളില്‍, സ്റ്റണ്ട് രംഗങ്ങളില്‍ ഒന്നും ഫഹദിനെ ഇതുവരെ കാണാനായിട്ടില്ല. എങ്കില്‍ അതിനും സാഹചര്യമൊരുങ്ങുകയാണ്.

പടത്തിന്‍റെ പേര് ‘ദിയ’. സംവിധാനം വിനോദ് വിജയന്‍. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സ്റ്റണ്ട് രംഗങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകതയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫഹദ് ഫാസിലാണ് നായകന്‍. ആന്‍ അഗസ്റ്റിന്‍, എസ്തേര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മേയ് 20ന് ദിയയുടെ ചിത്രീകരണം ആരംഭിക്കും.

ഈ സിനിമയ്ക്ക് 30 മിനിറ്റ് മാത്രമാണ് ദൈര്‍ഘ്യം. ആക്ഷന്‍ സിനിമകളുടെ ആന്തോളജിയായ ‘ഡി കമ്പനി’ എന്ന ചിത്രത്തിലെ ഒരു സെഗ്മെന്‍റാണ് ദിയ.

ഇത് വളരെ ഗൌരവമുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണെന്ന് സംവിധായകന്‍ വിനോദ് വിജയന്‍ പറയുന്നു. ഒരു നിയമ വിദ്യാര്‍ത്ഥിയായാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ കഥ കേട്ട് ഫഹദ് എക്സൈറ്റഡായെന്ന് വിനോദ് വിജയന്‍ പറഞ്ഞു.

എം പത്മകുമാര്‍, ജോഷി, ദീപന്‍, ഷാജി കൈലാസ് എന്നിവരാണ് ഡി കമ്പനിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :