Biju|
Last Modified തിങ്കള്‍, 12 നവംബര്‍ 2018 (15:08 IST)
അയന്‍, കോ, കവന്‍ തുടങ്ങിയ വമ്പന്‍ തമിഴ് ഹിറ്റുകളുടെ സംവിധായകനാണ് കെ വി ആനന്ദ്. അദ്ദേഹം ‘അനേകന്‍’ എന്ന സിനിമ പ്ലാന്‍ ചെയ്യുന്ന സമയം.
ആ സിനിമയില്‍ ആദ്യം ദളപതി വിജയ് നായകനാകണമെന്നായിരുന്നു കെ വി ആനന്ദ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അത് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല.
"ഒരു നടനെ ഡേറ്റിനായി സമീപിക്കുന്നതിന് മുമ്പ് കഥയെക്കുറിച്ച് ഒരു പൂര്‍ണരൂപം മനസിലും തിരക്കഥ കൈയിലും ഉണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. ഐഡിയ മാത്രം പറയുന്നതില്‍ എനിക്ക് താല്‍പ്പര്യവുമില്ല, അതില്‍ വിശ്വാസവുമില്ല. ഒരു കഥ, അത് എങ്ങനെ മുന്നോട്ടു പോകും എന്നതിനെക്കുറിച്ച് ഒരു പ്ലാന്‍ ഉണ്ടെങ്കില്‍ കഥ പറയുന്നതിന് ഒരു ആത്മവിശ്വാസം വരും. മാട്രാന്‍ കഴിഞ്ഞ് അനേകന്‍ എന്ന സിനിമയുടെ തിരക്കഥ തയ്യാറാകാന്‍ നാലുമാസത്തെ സമയം എടുത്തു. തിരക്കഥയുമായി വിജയെ സമീപിച്ചപ്പോള്‍, നിര്‍ഭാഗ്യമെന്നുപറയട്ടെ വിജയ് രണ്ട് ചിത്രങ്ങള്‍ - ജില്ലയും കത്തിയും - കമ്മിറ്റ് ചെയ്തുകഴിഞ്ഞിരുന്നു" - കെ വി ആനന്ദ്
ഓര്‍മ്മിച്ചു.
"അനേകന്‍റെ തിരക്കഥ വിജയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചെയ്യാം എന്ന് പറയുകയും ചെയ്തു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞേ ഡേറ്റുള്ളൂ. ഷൂട്ടിംഗ് ആരംഭിക്കാന്‍ തന്നെ അത്രയും കാത്തിരിക്കണം. എന്‍റെ അവസ്ഥ മനസിലാക്കി വിജയ് തന്നെയാണ് പറഞ്ഞത് ധനുഷിനെ നായകനാക്കി അനേകന്‍ പൂര്‍ത്തിയാക്കണം എന്ന്" - കെ വി ആനന്ദ് വെളിപ്പെടുത്തുന്നു.
ഒരു റൊമാന്‍റിക് ത്രില്ലറായിരുന്നു അനേകന്‍. അമീര ദസ്തര്‍ ആയിരുന്നു ധനുഷിന്‍റെ നായിക. കാര്‍ത്തിക് വില്ലനായി. പല കാലങ്ങളിലൂടെ സഞ്ചരിച്ച് കഥ പറയുന്ന ചിത്രത്തിന് ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയത്.