അപർണ|
Last Modified വ്യാഴം, 28 ജൂണ്‍ 2018 (14:52 IST)
മലയാള സിനിമയിൽ വിവാദം കത്തുകയാണ്. താരസംഘടന അവതരിപ്പിച്ച
അമ്മ മഴവിൽ എന്ന മെഗാഷോയിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരൻ നിർദേശം വച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീശാക്തീകരണം എന്ന സ്കിറ്റ് ഉണ്ടായതെന്ന്
തെസ്നി ഖാൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും മറ്റുള്ളവരും ചേർന്നാണ് സ്കിറ്റ് തയ്യാറാക്കിയത്. മമ്മൂക്കയും ലാലേട്ടനും അടങ്ങുന്നവർ വായിച്ച് നോക്കി. ഓകെ പറഞ്ഞു. അവരൊന്നും പ്രശ്നം പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കിൽ അത് വേണ്ടെന്ന് അവർ പറയുമായിരുന്നു. - തെസ്നി ഖാൻ പറയുന്നു.
സ്കിറ്റ് കഴിഞ്ഞപ്പോൾ അതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഇത് ഞങ്ങളെക്കുറിച്ച് ആണെന്ന് പറഞ്ഞ് ആർക്ക് വേണമെങ്കിലും പ്രശ്നം ഉണ്ടാക്കാം. സ്കിറ്റ് ചെയ്യുമ്പോൾ ഞങ്ങളൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. - തെസ്നി വ്യക്തമാക്കുന്നു.
ഷോയുടെ റിഹേഴ്സൽ പാർവതി കണ്ടതാണ്. സ്കിറ്റ് കണ്ടിട്ട് അവർ ഒന്നും പറഞ്ഞില്ല. ഇങ്ങനെ ഒരു പ്രശ്നം തോന്നിയിരുന്നെങ്കിൽ പാർവതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ. പാർവതി കാര്യങ്ങൾ ധൈര്യത്തോടെ തുറന്ന് പറയുന്ന ഒരാളാണ്. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നേൽ റിഹേഴ്സൽ ക്യാമ്പിൽ അത് തുറന്ന് പറയാമായിരുന്നല്ലോ. അപ്പോൾ ഒന്നും മിണ്ടിയില്ലെന്നും തെസ്നി ഖാൻ പറയുന്നു.