കലാരഞ്ജിനി ചേച്ചിയുടെ ശബ്ദം തന്നെ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു; ഭരതനാട്യം സംവിധായകന്‍ കൃഷ്ണദാസ് മുരളി സംസാരിക്കുന്നു

തിയറ്റര്‍ റിലീസിനു ശേഷം മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും ബോക്‌സ്ഓഫീസില്‍ വിജയമാകാന്‍ ചിത്രത്തിനു സാധിച്ചില്ല

Interview - Bharathanatyam Director Krishnadas Murali
Nelvin Gok| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (13:09 IST)
Interview - Bharathanatyam Director Krishnadas Murali

[email protected]
തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്ന സിനിമകള്‍ പിന്നീട് ഒടിടിയില്‍ വലിയ ചര്‍ച്ചയാകുന്നതും ജനപ്രീതി നേടുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. സമീപകാലത്ത് അത്തരത്തില്‍ ഒടിടിയില്‍ 'സൂപ്പര്‍ഹിറ്റ്' ആയ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ്, സായ്കുമാര്‍, കലാരഞ്ജിനി, ശ്രീജാ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതനാട്യം ഓഗസ്റ്റ് 30 നാണ് തിയറ്ററുകളിലെത്തിയത്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്തത്.

തിയറ്റര്‍ റിലീസിനു ശേഷം മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും ബോക്‌സ്ഓഫീസില്‍ വിജയമാകാന്‍ ചിത്രത്തിനു സാധിച്ചില്ല. പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടാകാത്തതിനാല്‍ ഭരതനാട്യം വേഗം തിയറ്റര്‍ വിട്ടു. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ സീന്‍ മൊത്തം മാറി. സിനിമ ഗ്രൂപ്പുകളില്‍ ഭരതനാട്യത്തെ പ്രശംസിച്ചുള്ള പോസ്റ്റുകളും ചര്‍ച്ചകളും നിറഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെയായിരുന്നു ഭരതനാട്യത്തിന്റെ ഒടിടി റിലീസ്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്, സിംപ്ലി സൗത്ത് എന്നിങ്ങനെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലായാണ് ഭരതനാട്യം പ്രദര്‍ശനം തുടരുന്നത്. പ്രൈം വീഡിയോയില്‍ മാത്രം അഞ്ച് കോടിയിലേറെ പേര്‍ ഈ സിനിമ സ്ട്രീം ചെയ്‌തെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകള്‍. 'തുടക്കം മുതല്‍ ഒടുക്കം വരെ നന്നായി രസിച്ചു കണ്ട സിനിമ' എന്നാണ് ഒടിടി റിലീസിനു ശേഷം മിക്ക പ്രേക്ഷകരും ഈ സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്. തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചപ്പോള്‍ തോന്നിയ വിഷമവും നിരാശയും ഒടിടി റിലീസിനു ശേഷം പമ്പ കടന്നെന്നും അല്‍പ്പം വൈകിയാണെങ്കിലും തങ്ങളുടെ സിനിമ ആളുകള്‍ ഏറ്റെടുത്തത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ കൃഷ്ണദാസ് മുരളി വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിരാശയും വിഷമവും തോന്നി..!

തിയറ്ററില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചാണ് ഓരോ സിനിമയും നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് തിയറ്ററുകളില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ ലഭിക്കണമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. ഒടിടിക്കു ശേഷം കിട്ടുന്ന മികച്ച പ്രതികരണങ്ങളും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും തിയറ്റര്‍ റിലീസിനു ശേഷം കിട്ടണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷേ എന്തോ നിര്‍ഭാഗ്യം കൊണ്ട് അത് കിട്ടിയില്ല. ആ സമയത്ത് നല്ല നിരാശയും വിഷമവും തോന്നിയിരുന്നു. എനിക്ക് മാത്രമല്ല മുഴുവന്‍ ടീമിനും ആ നിരാശ ഉണ്ടായിരുന്നു. ഒടിടി റിലീസിനു ശേഷം കിട്ടിയതുപോലെ നല്ല അഭിപ്രായങ്ങള്‍ തന്നെയായിരുന്നു തിയറ്ററില്‍ സിനിമ കണ്ടവരില്‍ നിന്നും അന്ന് ലഭിച്ചിരുന്നത്. പക്ഷേ കാണാന്‍ ആളുകള്‍ കുറവായിരുന്നു എന്നതാണ് പ്രശ്‌നം. നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും തിയറ്ററുകളിലേക്ക് ഒരു തള്ളിക്കയറ്റമുണ്ടായിരുന്നില്ല. അതിന്റേതായ ചില വിഷമങ്ങളും നിരാശയുമൊക്കെ അപ്പോള്‍ തോന്നി..!

പ്രൊമോഷന്‍ കുറവായിട്ടില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഒരു കാരണമായി

ഒരു മീഡിയോകോര്‍ സിനിമയ്ക്കു ചെയ്യേണ്ട എല്ലാ പ്രൊമോഷനും നമ്മള്‍ ആ സമയത്ത് ചെയ്തിട്ടുണ്ട്. പ്രൊമോഷന്‍ കുറവായതുകൊണ്ടാണ് പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്താതിരുന്നത് എന്നു തോന്നുന്നില്ല. നമ്മള്‍ എന്തൊക്കെ ചെയ്താലും ആളുകള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കണ്ടേ..! ആളുകളെ കുറ്റമായി പറയുന്നതല്ല. ആ സമയത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ കത്തി നില്‍ക്കുകയാണ്. തിയറ്ററില്‍ വരാനും സിനിമ കാണാനും ആളുകള്‍ക്ക് ഒരു താല്‍പര്യക്കുറവ് പോലെ ഉണ്ടായിരുന്നു. ആ സമയത്ത് ആളുകളില്‍ മൊത്തത്തില്‍ സിനിമാക്കാരോടു ഒരു വിമുഖത കാണാമായിരുന്നു. അതൊക്കെ ഞങ്ങളുടെ സിനിമയെ ബാധിച്ചിരിക്കാം.

Saiju Kurup and Krishnadas Murali
Krishnadas Murali and Saiju Kurup

ഒടിടിയില്‍ എത്തിയപ്പോള്‍ ഹാപ്പിയായി

ഒടിടിയില്‍ എത്തിയ ശേഷം നല്ല പ്രതികരണങ്ങളും ചര്‍ച്ചകളും വന്നപ്പോള്‍ മുന്‍പത്തെ നിരാശ പോയി. 'സിനിമ ശ്രദ്ധിക്കപ്പെട്ടല്ലോ' എന്നൊരു സന്തോഷം വന്നു. എവിടെയെങ്കിലും സിനിമ വര്‍ക്കായല്ലോ എന്ന സന്തോഷമായിരുന്നു. തിയറ്ററില്‍ നിന്ന് കിട്ടണമെന്ന് പ്രതീക്ഷിച്ചത് ഒടിടിയില്‍ നിന്ന് കിട്ടി. ഒരിടത്തും ശ്രദ്ധിക്കപ്പെടാതെ പോയില്ലല്ലോ..! അതില്‍ ഞാന്‍ ഹാപ്പിയാണ്..!

തുടക്കക്കാലത്ത് വലിയ പദ്ധതികളൊക്കെ ആയിരുന്നു..!

സിനിമ സ്വപ്നം കണ്ടുനടക്കുന്ന തുടക്കക്കാലത്ത് വലിയ വലിയ പ്ലാനുകളൊക്കെ ആയിരുന്നു. കഥയും കൊണ്ട് നടന്നിരുന്ന സമയത്ത് നമുക്ക് ഇതിന്റെ റിയാലിറ്റി അറിയില്ല. കഥ പറഞ്ഞു തുടങ്ങാനും സിനിമയിലുള്ളവരുമായി അടുക്കാനും തുടങ്ങുമ്പോഴാണ് ഇതൊക്കെ വേറൊരു ലോകമാണ്, നമ്മുടെ പരിപാടി നടക്കുമോ എന്നൊക്കെയുള്ള സംശയം ഉണ്ടാകുന്നത്. നമ്മളെ റെക്കമന്‍ഡ് ചെയ്യാനും സിനിമയിലേക്ക് കൊണ്ടുവരാനും ആരുമില്ലാത്തതുകൊണ്ട് ഈ ഫീല്‍ഡിനെ വളരെ അപരിചിതമായാണ് കണ്ടത്. അത് മനസിലാക്കിയപ്പോള്‍ അതിനനുസരിച്ച് നമ്മുടെ പദ്ധിതകള്‍ മാറ്റി.

സ്വപ്നം അങ്ങനെ കാര്യമായി

ചെറുപ്പം മുതലേ സിനിമ സ്വപ്നം ഉണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ അപ്പുറത്തും ഇപ്പുറത്തും ഉള്ള സുഹൃത്തുക്കളെ നായകന്‍മാരാക്കി കഥ പറഞ്ഞിരുന്നു. പിന്നെ ഷോര്‍ട്ട് ഫിലിം പരിപാടികള്‍ തുടങ്ങി. 2015 ലാണ് ഫീച്ചര്‍ ഫിലിമിനായുള്ള കഥ എഴുതുന്നത്. 2016 തൊട്ടാണ് കഥ പറയാനും സിനിമാക്കാരെ കാണാനും തുടങ്ങിയത്. രണ്ട് രണ്ടര വര്‍ഷമൊക്കെ ആദ്യത്തെ സ്‌ക്രിപ്റ്റും കൊണ്ട് നടന്നിട്ടുണ്ട്. ഭരതനാട്യത്തിന്റെ സ്‌ക്രിപ്റ്റ് 2021 ലാണ് എഴുതിയത്. പിന്നീട് ഇത് പ്രൊജക്ട് ആക്കാനുള്ള നടത്തത്തിലായിരുന്നു. കോവിഡ് കഴിഞ്ഞ സമയത്തായിരുന്നു അത്. ഒരു ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള ചിത്രമെന്ന നിലയിലാണ് ആദ്യം പ്ലാന്‍ ചെയ്തത്. ഒടിടിക്കു വേണ്ടി ചില ചര്‍ച്ചകളൊക്കെ നടന്നിരുന്നു. പിന്നെ അത് നടന്നില്ല. അപ്പോള്‍ കഥ പറയാന്‍ പുറത്തേക്ക് ഇറങ്ങി.


Saiju Kurup and Krishnadas Murali
Saiju Kurup and Krishnadas Murali

കലാരഞ്ജിനി ചേച്ചിയുടെ ശബ്ദം തന്നെ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു

കലാരഞ്ജിനി ചേച്ചിയെ നമ്മള്‍ ആദ്യമേ തന്നെ ഫിക്സ് ചെയ്തതാണ്. ചേച്ചിയുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്താല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. സൈജു ചേട്ടനോടു (സൈജു കുറുപ്പ്) ഇത് പറഞ്ഞപ്പോള്‍ ചേച്ചിക്ക് അത് ബുദ്ധിമുട്ട് ആകുമോ എന്നൊരു സംശയം പ്രകടിപ്പിച്ചു. പക്ഷേ ചേച്ചി തുടക്കത്തില്‍ തന്നെ സമ്മതിച്ചു. ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് ചേച്ചി പറഞ്ഞു. വളരെ ബ്രില്ല്യന്റ് ആയിട്ടുള്ള നടിയാണ് ചേച്ചി.

സൈജു ചേട്ടന്‍ നിര്‍മാണത്തിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി

സൈജു ചേട്ടനെ അഭിനയിക്കാന്‍ എന്ന നിലയില്‍ മാത്രമാണ് ആദ്യം സമീപിച്ചത്. പ്രീ പ്രൊഡക്ഷന്‍ തുടങ്ങുന്നതിന്റെ തലേന്നാണ് നിര്‍മാണത്തില്‍ താന്‍ കൂടി സഹകരിക്കാമെന്ന് സൈജു ചേട്ടന്‍ പറയുന്നത്. പ്രൊഡക്ഷന്റെ ഭാഗമാകാമെന്ന് സൈജു ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടി എളുപ്പമായി. സിനിമ ഫീല്‍ഡില്‍ നല്ല എക്സ്പീരിയന്‍ ഉള്ള ആളായതുകൊണ്ട് സൈജു ചേട്ടന്‍ വഴി പലരിലേക്കും ഞങ്ങള്‍ക്ക് വേഗത്തില്‍ ആക്സസ് ലഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :