സിനിമ പാചകം ചെയ്യുന്ന സൌണ്ട് എന്‍ജിനീയര്‍, രാജകൃഷ്ണന്‍!
ഹണി ആര്‍ കെ
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
സിനിമയില്‍ ശബ്ദത്തിന്റെ സൌന്ദര്യം അനുഭവിപ്പിക്കുന്ന എം ആര്‍ രാജകൃഷ്ണന് മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നു. ഉറുമി, ചാപ്പാകുരിശ് എന്നീ സിനിമകളിലെ ശബ്ദലേഖനത്തിനാണ് രാജകൃഷ്ണന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
കച്ചവട സിനിമയിലായാലും സമാന്തര സിനിമയിലായാലും ശബ്ദത്തിന്റെ സൂക്ഷ്മസാധ്യതകള്‍ പോലും കണ്ടെത്തി പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന രാജകൃഷ്ണന്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസിലെ ചീഫ് സൌണ്ട് എഞ്ചിനീയര്‍ ആണ്. മലയാളികളുടെ പ്രിയങ്കരനായ സംഗീതജ്ഞന്‍ എം ജി രാധാകൃഷ്ണന്റെ മകനായ രാജകൃഷ്ണന്‍ ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സൌണ്ട് എഞ്ചിനീയര്‍മാരില്‍ ഒരാളാണ്. മലയാളത്തില്‍ മാത്രമല്ല കാഞ്ചീവരം, വേലായുധം, ദൈവത്തിരുമകള്‍, മദ്രാസപ്പട്ടിണം തുടങ്ങിയ മറ്റ് ഭാഷാചിത്രങ്ങളും രാജകൃഷ്ണന്റെ ശബ്ദ ഡിസൈനിംഗിന്റെ മികവ് കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. വിവിധ ഭാഷകളില്‍, മുന്നൂറിലേറെ സിനിമകളാണ് രാജകൃഷ്ണന്റെ ശബ്ദസംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാജകൃഷ്ണന്‍ വെബ്ദുനിയയോട് മനസ്സ് തുറക്കുന്നു.
പൂനെ ഇന്‍സ്റ്റിട്യൂട്ടില്‍ ഛായാഗ്രഹണം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍ ശുപാര്‍ശ ചെയ്താല്‍ അഡ്മിഷന്‍ കിട്ടുമെന്ന് കരുതി അദ്ദേഹത്തോട് പറഞ്ഞു. സിനിമയില്‍ വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം സിനിമയെ കുറിച്ച് മനസ്സിലാക്കാന്‍ പ്രിയന്‍ അങ്കിള്‍ പറഞ്ഞു. അതിനായി കുറച്ച് നാള്‍ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ നില്‍ക്കാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഫോര്‍ ഫ്രെയിംസില്‍ എത്തുന്നത്. സംഗീതസംവിധായകന്‍ കൂടിയായ സൗണ്ട് ഡിസൈനര്‍ ദീപന്‍ ചാറ്റര്‍ജിയുടെ അസിസ്റ്റന്റ് ആയിട്ടാണ് തുടക്കം. ഇപ്പോള്‍ 13 വര്‍ഷമായി. പിന്നീട് ഇവിടെ നിന്ന് പോകാന്‍ സാധിച്ചില്ല. ഈ മേഖലയോട് കടുത്ത താത്പര്യമുണ്ടാകുകയും ചെയ്തു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയിലെത്തുന്നത്.
ശബ്ദസംവിധാനം ചെയ്ത ആദ്യ സിനിമ ഏതാണ്?
അസിസ്റ്റന്റ് ആയിരിക്കുമ്പോള്‍ തന്നെ സ്വന്തമായി സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അപരിചിതനാണ് ആദ്യ മലയാള ചിത്രം. മലയാള സിനിമയില്‍ ശബ്ദവിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായ ചിത്രമായിരുന്നു അപരിചിതന്‍. എന്റെ ആദ്യ ചിത്രമായിരുന്നതിനാല്‍ അറിയാവുന്ന സാധ്യതകളെല്ലാം അതില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. മൈന്യൂട്ട് ആയ ശബ്ദങ്ങള്‍ പോലും അതില്‍ ഉപയോഗിച്ചു. പിന്നീട് പ്രിയദര്‍ശന്റെ പല ഹിന്ദി സിനിമകളും ചെയ്തു.
ഒരു സാങ്കേതികവിഭാഗം എന്ന നിലയ്ക്ക് അല്ലേ സൌണ്ട് ഡിസൈനിംഗിനെ പലരും കാണുന്നത്?
ഒരു ജോലി എന്ന നിലയില്‍ സൌണ്ട് എഞ്ചിനീയറിംഗ് എന്നത് സാങ്കേതിക വിഭാഗം തന്നെയാണ്. എന്നാല്‍ സാങ്കേതിയോളം തന്നെ ക്രിയേറ്റിവിറ്റിക്കും പ്രാധാന്യമുണ്ട്. ശരിക്കും സിനിമയെന്ന് പറയുന്നത് ശബ്ദവും വെളിച്ചവുമാണ്. കഥ അവതരിപ്പിക്കുന്നത് ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയുമാണ്. തീയേറ്ററില്‍ പോയി കാണുമ്പോള്‍ ശബ്ദത്തിലൂടെയും വെളിച്ചത്തിലൂടെയുമാണ് ഒരാള്‍ സിനിമ അനുഭവിക്കുന്നത്.
എങ്ങനെയാണ് ഈ ജോലി ഒരു സര്‍ഗാത്മക പ്രവര്‍ത്തനമായി മാറുന്നത്?
ശരിക്കും പറഞ്ഞാല്‍ ഒരു കുക്കിന്റെ ജോലിയാണ് ഒരു സൌണ്ട് എന്‍ജിനീയര്‍ ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുമ്പോഴും അത് അമ്പത് ശതമാനമേ ആകുന്നുള്ളൂ. ബാക്കിയുള്ള അമ്പത് ശതമാനത്തില്‍ പ്രധാന റോള്‍ സൌണ്ട് എഞ്ചിനീയറുടേതാണ്. ഡയലോഗ്, സംഗീതം, ഇഫക്റ്റ്സ് തുടങ്ങിയവ സിനിമയില്‍ ചേരുംപടിചേര്‍ക്കുകയാണ് സൌണ്ട് എഞ്ചിനീയര്‍ ചെയ്യുന്നത്.
സിനിമയില്‍ ചിലപ്പോള്‍ ശബ്ദം ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുക വരെ ചെയ്യുന്നുണ്ട്. കീര്‍ത്തിചക്ര എന്ന സിനിമയില്‍ ശബ്ദത്തിന്റെ വലിയ ഒരു ഉപയോഗം തന്നെ വരുന്നുണ്ട്. അതിലെ യുദ്ധരംഗങ്ങള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത് ശബ്ദത്തിലൂടെയാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ആ രംഗത്ത് യഥാര്‍ഥമായും ഉള്ളു. എന്നാല്‍ നിരവധി പേര്‍ ഉണ്ടെന്ന് ശബ്ദത്തിലൂടെ തോന്നിപ്പിക്കുകയാണ് ചെയ്യുന്നത്.
പരാജയപ്പെട്ടെങ്കിലും ചാപ്പാകുരിശ് എന്ന സിനിമയില്‍ ശബ്ദത്തിന്റെ മൈന്യൂട്ട് എലമെന്റ്സ് ഉപയോഗിക്കുന്നുണ്ട്. ട്രാഫിക് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം രമ്യാ നമ്പീശന്റെ കഥാപാത്രത്തെ കൊല്ലാന്‍ ശ്രമിക്കുന്ന രംഗത്തിന് ശബ്ദമില്ല. നിശബ്ദതയാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്, ചെറിയ പിയാനോ ടിപ്സ് ചേര്‍ത്തിരിക്കുന്നു. ഒരു പക്ഷേ എന്തെങ്കിലും വലിയ ശബ്ദം ഉപയോഗിച്ചെങ്കില്‍ അത്രത്തോളം ഗുണം കിട്ടുമായിരുന്നില്ല. കുഞ്ചാക്കോ ബോബന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കൂടി ആ നിശബ്ദത കൊണ്ട് പ്രതിഫലിപ്പിക്കാനായി. സിനിമയില്‍ നിശബ്ദതയ്ക്കും പ്രാധാന്യമുണ്ടെന്ന് അധികമാരും മനസ്സിലാക്കുന്നില്ല.