ഏതെങ്കിലും വിവാദ വിഷയങ്ങളെപ്പറ്റി സിനിമയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വധഭീഷണികളെയും വിമര്‍ശനങ്ങളെയും താന്‍ ഭയപ്പെടുന്നില്ലെന്ന് ബോളിവുഡിലെ അതികായന്‍ രാം ഗോപാല്‍ വര്‍മ. ‘രക്തചരിത്ര’ എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“വധഭീഷണിയെ ഞാന്‍ ഭയക്കുന്നില്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു സബ്ജക്ട് എനിക്ക് ഇഷ്ടപ്പെട്ടാല്‍ അത് ഞാന്‍ സിനിമയാക്കിയിരിക്കും. ഒരാള്‍ക്കും ഒരു സിനിമയെ തകര്‍ക്കാനാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു” - രാമു പറഞ്ഞു. ആന്ധ്രയിലെ പരിതല രവി എന്ന രാഷ്ട്രീയ നേതാവിന്‍റെ മരണത്തെക്കുറിച്ചാണ് രാമു ‘രക്തചരിത്ര’ എന്ന പേരില്‍ സിനിമയെടുക്കുന്നത്. വിവേക് ഒബ്‌റോയിയാണ് പരിതല രവിയാകുന്നത്. തമിഴ് നടന്‍ സൂര്യ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
തെലുങ്ക് രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ ഒരു സംഭവമാണ് പരിതല രവിയുടെ മരണം. അതുകൊണ്ടുതന്നെ ഇത് സിനിമയാക്കുന്നത് ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്. ആര്‍ ജി വിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ‘രണ്‍’ എന്ന ചിത്രവും വിവാദവിഷയമാണ് കൈകാര്യം ചെയ്യുന്നത്. മാധ്യമങ്ങളുടെ കിടമത്സരങ്ങളും അണിയറക്കഥകളുമാണ് രണ്‍ പറയുന്നത്. അമിതാഭ് ബച്ചന്‍, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
“രണ്‍ എന്ന സിനിമയില്‍ നായകനോ നായികയോ ഇല്ല. മാധ്യമങ്ങളുടെ ഒരു ലോകമാണ് ചിത്രത്തിന്‍റെ കേന്ദ്രം. ഈ ചിത്രത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതുകൊണ്ടു തന്നെ ഒരു താരത്തെ ഉപയോഗിക്കില്ല. രണ്‍ എന്ന ചിത്രത്തെക്കുറിച്ച് പറയാന്‍ എന്നേക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല.” - രാം ഗോപാല്‍ വര്‍മ പറയുന്നു.