രാം ഗോപാല്‍ വര്‍മ ഇന്ത്യന്‍ സിനിമയിലെ ത്രില്ലര്‍ ഗുരുവാണ്. അദ്ദേഹത്തിന്‍റെ ഭക്ഷണവും ശ്വാസവും വരെ സിനിമയാണെന്ന് മഹാനടന്‍ മോഹന്‍ലാലാണ് പറഞ്ഞത്. രാം ഗോപാല്‍ വര്‍മ എന്നും വിവാദപ്രസ്താവനകള്‍ കൊണ്ട് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളെ പിടിച്ചുകുലുക്കാറുണ്ട്. ഇപ്പോഴും അത്തരമൊരു പ്രസ്താവനയെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്.
രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങളില്‍ അമിതാഭ് ബച്ചനെ സ്ഥിരമായി കാണാറുണ്ട്. മോഹന്‍ലാലിനെയും ഒപ്പം നിര്‍ത്താന്‍ പലപ്പോഴും രാമു ശ്രമിക്കുന്നു. എന്താണ് ഇവരെപ്പോലെ രജനീകാന്തിനെ അഭിനയിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കാത്തത്? ആ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമുയര്‍ത്തുന്നത്.
“ഞാന്‍ ഇതുവരെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ഡയറക്ട് ചെയ്തിട്ടില്ല. അദ്ദേഹത്തെ സംവിധാനം ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് പൂര്‍ണമായും ഒരു ഡിഫറന്‍റ് സെന്‍സിറ്റിവിറ്റി വേണമെന്നാണ് എനിക്ക് തോന്നുന്നത്. രജനീകാന്ത് ഒരു നടനല്ല, ഒരു സ്പെഷ്യല്‍ ഇഫക്ട് ആണ് എന്ന് പറയുന്നതില്‍ എനിക്ക് മടിയില്ല” - രാം ഗോപാല്‍ വര്‍മ പറയുന്നു.
അഞ്ചു ചിത്രങ്ങളിലാണ് ബിഗ്ബിയും രാമുവും സഹകരിച്ചത്. രണ്ട് ചിത്രങ്ങളില്‍ മോഹന്‍ലാലും അഭിനയിച്ചു. “അമിതാഭ് ബച്ചന്‍റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബിഗ്ബി എന്നുപറഞ്ഞാല്‍ സിനിമയാണ്. എന്‍റെ അഞ്ചു ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. പുതിയ സിനിമയായ ഡിപ്പാര്‍ട്ടുമെന്‍റില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ബിഗ്ബിക്ക്” - രാം ഗോപാല്‍ വര്‍മ പറയുന്നു.
രജനീകാന്ത് ഒരു സ്പെഷ്യല്‍ ഇഫക്ട് മാത്രമാണെന്ന രാം ഗോപാല്‍ വര്‍മയുടെ പരാമര്‍ശത്തോട് രജനി ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.