‘തേജാഭായ് ആന്റ് ഫാമിലി’ എന്ന സിനിമയുടെ തിരക്കഥ വായിച്ച് ചിരിച്ചുചിരിച്ച് താന്‍ കരഞ്ഞുപോയെന്ന് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ചിത്രം ഇപ്പോള്‍ കേരളക്കരയാകെ ഏറ്റെടുക്കുകയാണെന്നും ഗാനരംഗങ്ങള്‍ കണ്ട് പ്രേക്ഷകരെല്ലാം സ്ക്രീനിന് മുന്നില്‍ ആനന്ദനൃത്തമാടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. തേജാഭായിയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറയുന്നത്.
“പോക്കിരിരാജ എന്ന സിനിമയുടെ ലൊക്കേഷനില്‍ തേജാഭായിയുടെ ഫുള്‍ സ്ക്രിപ്റ്റുമായാണ് സംവിധായകന് ദീപു കരുണാകരന് എത്തിയത്. സ്ക്രിപ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് എന്റെ കണ്ണുകള്‍ നിറഞ്ഞു. അത്ര ഗംഭീരമായ കോമഡി രംഗങ്ങളായിരുന്നു തിരക്കഥയില്‍. സ്ക്രിപ്റ്റ് വായിച്ച ശേഷം ഞാന്‍ അടുത്ത ഷോട്ടിനായി റെഡിയായപ്പോള്‍ പോക്കിരിരാജയുടെ ക്യാമറാമാന് എന്നോടു ചോദിച്ചത് കണ്ണുകള്‍ എന്താണ് കലങ്ങിയിരിക്കുന്നത് എന്നാണ്. തേജാഭായിയുടെ തിരക്കഥ വായിച്ച കാര്യം ഞാന്‍ അപ്പോള്‍ അവരോട് പറഞ്ഞു” - പൃഥ്വിരാജ് പറഞ്ഞു.
“തേജാഭായി ഇപ്പോള്‍ റിലീസായി. വളരെ ആവേശകരമായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ സംവിധായകന് ദീപു എന്നോടു പറഞ്ഞത് ഇത് ഓണക്കാലത്ത് റിലീസ് ചെയ്യണം എന്നാണ്. അതെന്തിനാണ് ഇപ്പൊഴേ റിലീസ് ഡേറ്റ് തീരുമാനിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ‘ഓണക്കാലം പോലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ അടിച്ചുപൊളിക്കാവുന്ന ഒരു സിനിമയായിരിക്കും ഇത്’ എന്നായിരുന്നു മറുപടി. ‘ഒരു മധുരക്കിനാവിന്‍ ലഹരിയില്‍..’ എന്ന ഗാനം റീമിക്സ് ചെയ്ത് ഉപയോഗിക്കണം എന്നും ദീപു അന്നേ പറഞ്ഞിരുന്നു” - പൃഥ്വി വ്യക്തമാക്കി.
‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു..’ എന്ന റീമിക്സ് ഗാനം ജനങ്ങള്‍ ഏറ്റെടുത്തതായി പൃഥ്വിരാജ് പറഞ്ഞു. “ഈ ഗാനരംഗം വരുമ്പോള്‍ എല്ലാ തിയേറ്ററുകളിലും പ്രേക്ഷകരെല്ലാം സ്ക്രീനിനുമുന്നില്‍ ഡാന്‍സ് ചെയ്യുകയാണ്. ആ ഗാനരംഗത്തില്‍ ഞാന്‍ വളരെ ഫാസ്റ്റായി ഡാന്‍സ് ചെയ്യുന്നത് നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ കഴിവുകൊണ്ടാണ്. എന്തായാലും തേജാഭായിയില്‍ ഒരു ആക്ഷന്‍ പശ്ചാത്തലം ഉണ്ടെങ്കില്‍ പോലും ഇതൊരു സമ്പൂര്‍ണ കോമഡിച്ചിത്രമാണെന്നാണ് എന്റെ അഭിപ്രായം.” - പൃഥ്വി വിശദമാക്കി.