സുവര്‍ണ്ണജൂബിലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2008 (17:05 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ്‌ ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ്‌ കോളജുകളിലും യൂണിവേഴ്സിറ്റികളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലുമുള്ള ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സുവര്‍ണ്ണ ജൂബിലി മെരിറ്റ്‌ സ്കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം.

ബിരുദ (ആര്‍ട്ട്സ്‌/സയന്‍സ്‌/ഹുമാനിറ്റീസ്‌ ) കോഴ്സിനും, ബിരുദാനന്തര ബിരുദ കോഴ്സിനും പഠിക്കുന്ന 2008-09 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 50 ശതമാനം മാര്‍ക്കോടുകൂടി പരീക്ഷ ജയിച്ചവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. ബിരുദ തലത്തില്‍ 3000 സ്കോളര്‍ഷിപ്പും ബിരുദാനന്തരതലത്തില്‍ 1000 സ്കോളര്‍ഷിപ്പും അനുവദിക്കും.

പ്രതിവര്‍ഷം 10000/- രൂപ സ്കോളര്‍ഷിപ്പ്‌ തുകയായി ലഭിക്കും. ഓരോ സ്ഥാപനത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്‌ ആനുപാതികമായാണ്‌ സ്കോളര്‍ഷിപ്പ്‌. അപേക്ഷകര്‍ മറ്റു സ്കോളര്‍ഷിപ്പുകളോ, സ്റ്റൈപന്‍റോ കൈപ്പറ്റാന്‍ പാടില്ല. എസ്‌.സി/എസ്‌.റ്റി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലം‌പ്സം ഗ്രാന്‍റ് ഇതോടൊപ്പം വാങ്ങാം.

ആകെ സ്കോളര്‍ഷിപ്പിന്‍റെ 10 ശതമാനം എസ്‌.സി/എസ്‌.റ്റി വിഭാഗക്കാര്‍ക്കാണ്‌. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 10 സ്കോളര്‍ഷിപ്പും, സ്പോര്‍ട്സ്‌/ആര്‍ട്‌സ് മേഖലയില്‍ സ്റ്റേറ്റ്‌/നാഷണല്‍ ലെവല്‍ പ്രാവിണ്യം നേടിയവര്‍ക്ക്‌ അഞ്ച്‌ സ്കോളര്‍ഷിപ്പും മാറ്റിവച്ചിട്ടുണ്ട്‌.

അപേക്ഷ രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക്‌ സെപ്റ്റംബര്‍ 15ന്‌ മുമ്പ്‌ സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ്‌ നിയമമനുസരിച്ച്‌ യോഗ്യരായവരെ കോളജ്‌ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ തയ്യാറാക്കിയ യോഗ്യരായവരുടെ ലിസ്റ്റും അപേക്ഷയും സ്കോളര്‍ഷിപ്പ്‌ സ്പെഷ്യല്‍ ഓഫീസര്‍, കോളേജ്‌ വിദ്യാഭ്യാസ വകുപ്പ്‌ (അനക്സ്‌), സംസ്കൃത കോളേജ്‌ കാമ്പസ്‌, പാളയം, തിരുവനന്തപുരം വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം.

അപേക്ഷാഫോറവും വിവരവും www.collegiateedu.kerala.gov.in സൈറ്റില്‍ ലഭിക്കും. ഫോട്ടോ സ്ഥാപനമേധാവി സാക്‍ഷ്യപ്പെടുത്തണം. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ടതാണെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌. വരുമാന സര്‍ട്ടിഫിക്കറ്റ്‌, യോഗ്യതാ പരീക്ഷയ്ക്ക്‌ ലഭിച്ച മാര്‍ക്ക്‌ ലിസ്റ്റിന്‍റെ കോപ്പി കോളജ്‌ പ്രിന്‍സിപ്പല്‍/സ്ഥാപനമേധാവി സാക്‍ഷ്യപ്പെടുത്തിയത്‌.

എസ്‌.സി/എസ്‌.റ്റി വിഭാഗക്കാരാണെങ്കില്‍ തെളിയിക്കുന്നതിനുള്ള സാക്‍ഷ്യപത്രം. നാഷണല്‍/സ്റ്റേറ്റ്‌ ലെവലില്‍ സ്പോര്‍ട്സ്‌ / ആര്‍ട്‌സ് മേഖലയില്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കില്‍ രേഖയുടെ ഗസറ്റഡ്‌ ഓഫീസര്‍ സാക്‍ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ്‌. പി.എച്ച്‌. വിഭാഗമാണെങ്കില്‍ തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ ശരി പകര്‍പ്പ്‌ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :