വിദേശ രാജ്യങ്ങളിലെ തൊഴിലിനായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇനിമുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും സാക്‍ഷ്യപ്പെടുത്തി നല്‍കും.
സംസ്ഥാനത്തിനകത്ത് രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (വിദ്യാഭ്യാസ യോഗ്യത, പരിശീലനം, പരിചയം) ആഭ്യന്തര വകുപ്പ് സാക്‍ഷ്യപ്പെടുത്തി നല്‍കും. സാക്‍ഷ്യപ്പെടുത്തേണ്ട രേഖകള്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്‍റെ ജില്ലാതല ഓഫീസില്‍നിന്നും കൗണ്ടര്‍സൈന്‍ ചെയ്തുവാങ്ങണം.
പ്രൈവറ്റ് ആശുപത്രികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ജില്ലാമെഡിക്കല്‍ ഓഫീസറും പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍മാരും തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുമാണ് കൗണ്ടര്‍സൈന്‍ ചെയ്യേണ്ടത്.
ഉദാഹരണത്തിന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയശേഷമേ ഉദ്യോഗസ്ഥര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് നല്‍കാവൂ. ജില്ലാതല ഓഫീസര്‍മാര്‍ ഇല്ലാത്ത വകുപ്പുകളില്‍ ബന്ധപ്പെട്ട വകുപ്പ് മേലധികാരിക്ക് തന്നെ കൗണ്ടര്‍സൈന്‍ ചെയ്തുനല്‍കാം.
കൗണ്ടര്‍സൈന്‍ ചെയ്ത രേഖകള്‍ ബന്ധപ്പെട്ട നോട്ടറിയുടെ അറ്റസ്റ്റേഷനുശേഷം മുന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയും പ്രകാരം സര്‍ക്കാരില്‍ സമര്‍പ്പിച്ചാല്‍ ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നോട്ടറിയുടെ ഒപ്പ് സാക്‌ഷ്യപ്പെടുത്തി നല്‍കും.
സര്‍ക്കാര്‍തന്നെ നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ സാക്‍ഷ്യപ്പെടുത്തേണ്ട കേസുകളില്‍ (ഇറ്റലി, നെതര്‍ലാന്‍റ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്) ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍ / വകുപ്പ് മേധാവികള്‍ കൗണ്ടര്‍സൈന്‍ ചെയ്ത ശേഷം അതിന്‍റെ മൂന്ന് ഫോട്ടോകോപ്പികള്‍ ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കണം.
അത് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് മുഖാന്തരം അന്വേഷണം നടത്തി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സാക്‌ഷ്യപ്പെടുത്തി നല്‍കും.