അലിഗഡ് സര്‍വകലാശാല ക്യാമ്പസ് മലപ്പുറത്ത്

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 13 മാര്‍ച്ച് 2008 (15:15 IST)
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച അലിഗഡ് സര്‍വ്വകലാശാലയുടെ വിദൂരക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കും. ഇതിനായുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അലിഗഡ് സര്‍വ്വകലാശാലയുടെ കീഴില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ദന്തല്‍, പോളിടെക്നിക്, റിസര്‍ച്ച് തുടങ്ങി എല്ലാ കോഴ്സുകളും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സമുച്ചയമാണ് സ്ഥാപിക്കുന്നത്. ക്യാമ്പസിന് വേണ്ടി 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാണ് സര്‍വ്വകലാശാല സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കെട്ടിടങ്ങള്‍ അടക്കമുള്ള സൌകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കും. കോഴുസുകളുടെ നടത്തിപ്പും ഭരണ ചുമതലയും അലിഗഡ് സര്‍വ്വകലാശാലയ്ക്ക് ആയിരിക്കും. മലപ്പുറത്തേത് അടക്കം നാല് ക്യാ‍മ്പസുകളാണ് അലിഗഡ് സര്‍വ്വകലാശാല രാജ്യത്ത് ആരംഭിക്കുന്നത്.

ക്യാമ്പസിന് വേണ്ടി ഇപ്പോള്‍ പരിഗണിക്കുന്നത് മലപ്പുറം ജില്ലയിലെ പാണക്കാട് വ്യവസായ കേന്ദ്രത്തിന് സമീപമുള്ള 200 ഏക്കറോളം സ്ഥലമാണ്. ഈ സ്ഥലം സര്‍വ്വകലാശാലയ്ക്ക് വിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും മലപ്പുറം എം.എല്‍.എ എം.ഉമ്മര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സര്‍വ്വകലാശാല ക്യാമ്പസ് യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധിപേര്‍ക്ക് പഠനാവസരങ്ങളും ഒപ്പം തൊഴിലവസരങ്ങളും ഇവിടെ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :