രാശ്യാധിപ പൊരുത്തവും വശ്യപ്പൊരുത്തവും

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

WEBDUNIA|
PRO
വിവാഹപ്പൊരുത്തശോധനയില്‍ 23 പൊരുത്തങ്ങളെ കുറിച്ച് ആചാര്യന്‍‌മാര്‍ പറയുന്നു എങ്കിലും 10 പൊരുത്തങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതില്‍, രാശിപ്പൊരുത്തത്തെ കുറിച്ച് തൊട്ടുമുമ്പുള്ള ലേഖനത്തില്‍ പറഞ്ഞു കഴിഞ്ഞു. രാശ്യാധിപ പൊരുത്തം വശ്യപ്പൊരുത്തം എന്നിവയെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

രാശ്യാധിപ പൊരുത്തം

ശരീരത്തിലും മനസ്സിലും മാറ്റത്തിന്റെ ഹേതുവായി പ്രവര്‍ത്തിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥിതിയാണ്. ഭാര്യാഭര്‍ത്താക്കന്‍‌മാരില്‍ ഈ മാറ്റത്തിന്റെ അനുരണനങ്ങള്‍ക്ക് സമാനതയുണ്ടായിരുന്നാല്‍ പരസ്പര സ്നേഹവും ഐക്യവും അഭംഗുരം നിലനില്‍ക്കുകയും ചെയ്യും. ഇതാണ് രാശ്യാധിപ പൊരുത്തത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.

സ്ത്രീ ജനിച്ച കൂറിന്റെയും പുരുഷന്‍ ജനിച്ച കൂറിന്റെയും അധിപ ഗ്രഹങ്ങള്‍ ഒന്നാണെങ്കിലോ ഇരു ഗ്രഹങ്ങളും ബന്ധുക്കളായോ വന്നാല്‍ ഉത്തമമായിരിക്കും. ഈ ഗ്രഹ മൈത്രി ആചാര്യന്‍‌മാര്‍ രണ്ട് വിധത്തില്‍ പറഞ്ഞിട്ടുണ്ട്. ജാതക ചിന്തനക്ക് ഒന്നും പൊരുത്തശോധനയ്ക്ക് മറ്റൊന്നും. ഇതില്‍ പൊരുത്തശോധനയ്ക്ക് പറഞ്ഞതിനാണ് ഇവിടെ പ്രാധാന്യം.

മനഃശാസ്ത്രപരമായ യോജിപ്പിനൊപ്പം സല്‍‌സന്താന ലബ്ധിക്കു കൂടി ഈ പൊരുത്തം ഇടയാക്കുന്നതാണ്. കൂടാതെ, ഈ പൊരുത്തമുണ്ടായാല്‍ രാശി-ഗണ-രജ്ജു എന്നീ പൊരുത്തങ്ങളുടെ അഭാവത്തിന് ഒരു പരിഹാരമാവുമെന്നും പണ്ഡിതന്‍‌മാര്‍ക്ക് ഇടയില്‍ അഭിപ്രായമുണ്ട്. ഇവിടെ കൂറുകളുടെ അധിപന്‍‌മാര്‍ പരസ്പരം ബന്ധുവും സമനുമാവുന്നതും രണ്ടും സമന്‍‌മാരാവുന്നതും മധ്യമമായി പരിഗണിക്കാവുന്നതാണ്. പക്ഷേ, രണ്ടും ശത്രു ഗ്രഹങ്ങള്‍ ആവുന്നത് തികച്ചും ദോഷം തന്നെ ആയിരിക്കും.

വശ്യപ്പൊരുത്തം

നൈസര്‍ഗ്ഗികമായ പ്രേരണയാല്‍ പരസ്പരം വശീകരിക്കപ്പെടുന്ന ഈ പൊരുത്തം ഉത്തമമായിരുന്നാല്‍ എന്തെല്ലാം വിയോജിക്കത്തക്ക ഭൌതിക സാഹചര്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നാലും അവയെല്ലാം അതിജീവിച്ചുകൊണ്ട് സ്ത്രീപുരുഷന്‍‌മാര്‍ക്കിടയില്‍ പരസ്പരാകര്‍ഷണവും ഐക്യവും നിലനില്‍ക്കുന്നതാണ്. എന്തെല്ലാം കാരണങ്ങള്‍ ഉണ്ടായാലും വേര്‍പെട്ട് പോവില്ലെന്ന് അര്‍ത്ഥം. ഗണപ്പൊരുത്തം-രാശിപ്പൊരുത്തം-രാശ്യാധിപപ്പൊരുത്തം എന്നിവ ഉത്തമമല്ലെങ്കിലും ഈ പൊരുത്തം ഉണ്ടെങ്കില്‍ സ്ത്രീപുരുഷന്‍‌മാര്‍ തമ്മിലുള്ള രമ്യതയ്ക്ക് ദോഷം വരുന്നതല്ല. എന്നാല്‍, ഗണപ്പൊരുത്തം രാശ്യാധിപപ്പൊരുത്തം എന്നിവയിലൂടെ ഉണ്ടാവേണ്ട മറ്റ് ശുഭാശുഭങ്ങള്‍ക്ക് വശ്യപ്പൊരുത്തം സമാധാനമാവുകയുമില്ല.

സ്ത്രീ ജനിച്ച കൂറിന്റെ വശ്യ രാശിക്കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ ഉത്തമം. പുരുഷന്‍ ജനിച്ച കൂറിന്റെ വശ്യരാശിക്കൂറില്‍ സ്ത്രീ ജനിച്ചാലും മതി എന്നൊരു അഭിപ്രായവുമുണ്ട്. മേല്‍പ്പറഞ്ഞ രാശി-രാശ്യാധിപ-വശ്യപ്പൊരുത്തങ്ങള്‍ ലഗ്നാല്‍ നോക്കുമ്പോഴുണ്ടായാലും പരിഗണിക്കാമെന്നും അഭിപ്രായമുണ്ട്. മേടത്തില്‍ ചിങ്ങവും വൃശ്ചികവും ഇടവത്തിനു കര്‍ക്കിടവും തുലാമും മിഥുനത്തിനു കന്നി, കര്‍ക്കിടകത്തിനു വൃശ്ചികവും ധനുവും, ചിങ്ങത്തിനു തുലാം, കന്നിക്കു മിഥുനവും മീനവും, തുലാത്തിനു കന്നിയും മകരവും, വൃശ്ചികത്തില്‍ കര്‍ക്കിടകം, ധനുവിനു മീനം, മകരത്തിനു മേടവും കുംഭവും, കുംഭത്തിനു മേടം, മീനത്തിനു മകരം എന്നിവയാണു വശ്യ രാശികള്‍.

WD
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

രാശിപ്പൊരുത്തത്തെ കുറിച്ച് അറിയൂ

പൊരുത്തം നോക്കുന്നത് പൂര്‍ണ്ണതയ്ക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :