താരകാ നിംനവും തിഥികൂപ ദോഷവും ശുഭകര്‍മ്മങ്ങള്‍ക്ക് ഒഴിവാക്കേണ്ടതാണ്. ലാടവൈധൃതങ്ങള്‍, ദന്താദൂനം എന്നിവ വന്ന നാളുകളും ശുഭ കര്‍മ്മങ്ങള്‍ക്ക് ഒഴിവാക്കേണ്ടതാണ് എങ്കിലും എന്നിവ വരുന്ന നാള്‍ ദിവസം ദാനം ചെയ്യാവുന്നതാണ്.
ആദിത്യന്‍ നിന്ന നാള്‍ മുതല്‍ മൂലം വരെ എണ്ണിയാല്‍ വരുന്ന സംഖ്യ എത്രയോ മൂലം മുതല്‍ അത്രയും എണ്ണിവരുന്ന നക്ഷത്രം ശുഭമുഹൂര്‍ത്തത്തിന് സ്വീകരിക്കരുത്. കുജന്‍ നിന്ന നക്ഷത്രം മുതല്‍ അത്രയും എണ്ണിവരുന്ന നക്ഷത്രം ശുഭ മുഹൂര്‍ത്തത്തിന് സ്വീകരിക്കരുത്. കുജന്‍ നിന്ന നക്ഷത്രം മുതല്‍ മൂലം വരെ എണ്ണിയാല്‍ എത്രയോ, മൂലം മുതല്‍ അത്രയും എണ്‍നിവരുന്ന നക്ഷത്രവും ശുഭകാര്യങ്ങള്‍ക്ക് ഉത്തമമല്ല. ആദിത്യസ്ഥിത നക്ഷത്രം മുതല്‍ മൂലം വരെ എണ്ണിയ സംഖ്യയും കുജസ്ഥിതി നക്ഷത്രം മുതല്‍ മൂലം വരെ എണ്ണിയ സംഖ്യയും തമ്മില്‍ കൂട്ടി എത്ര വരുമോ അത്രയും സംഖ്യ മൂലം മുതല്‍ എണ്ണിയാല്‍ വരുന്ന നക്ഷത്രവും ശുഭമുഹൂര്‍ത്തത്തിന് സ്വീകാര്യമല്ല.
നാല് രാശിയും പതിനെട്ട് തീയതിയും വച്ച് അതില്‍ നിന്ന് കുജസ്ഫുടം കുറച്ചാല്‍ വരുന്ന നക്ഷത്രവും ശുഭകര്‍മ്മങ്ങള്‍ക്ക് ഉത്തമമല്ല.
ആദിത്യനോ രാഹുവോ പത്താമിടത്ത് നില്‍ക്കുക, ആറിലോ എട്ടിലോ ചന്ദ്രന്‍ വരിക, ഒമ്പതില്‍ ചൊവ്വ നില്‍ക്കുക, പത്തില്‍ ബുധന്‍ നില്‍ക്കുക, ആറിലോ എട്ടിലോ വ്യാഴം നില്‍ക്കുക, ഏഴില്‍ ശുക്രന്‍ നില്‍ക്കുക, അഞ്ചില്‍ ശനിവരിക- ഈ പറഞ്ഞ ഗ്രഹസ്ഥിതികളിലേതെങ്കിലും സംഭവിക്കുന്ന രാശികള്‍ മുഹൂര്‍ത്തത്തിന് ഉത്തമമല്ല.
അന്ധ നക്ഷത്രങ്ങള്‍, ഏകനേത്ര നക്ഷത്രങ്ങള്‍ എന്നിവയും മുഹൂര്‍ത്ത വിഷയത്തില്‍ പരിഗണിക്കേണ്ടതാണ്. ദ്വിനേത്ര ശുഭത്വം, മുഹൂര്‍ത്ത സമയത്തെ നാളിന് ഉണ്ടായിരിക്കണമെന്ന് അര്‍ത്ഥം. ഗണ്ഡ നക്ഷത്രവും വര്‍ജ്ജിക്കേണ്ടതാണ്.
കീഴ്മേല്‍ ഒരു രേഖയും മധ്യത്തില്‍, വിലങ്ങനെ 13 രേഖകളും വരച്ചാല്‍ ഖജുരപത്രാകൃതിയിലുള്ള ഒരു ചക്രം കിട്ടും. ഈ ചക്രത്തില്‍ കീഴ്മേല്‍ ഉള്ള രേഖയുടെ അഗ്രത്തില്‍ നിന്ന് തുടങ്ങി എണ്ണിയാല്‍ പരിഘ യോഗമാണ് വരുന്നത് എങ്കില്‍ മകം തുടങ്ങിയവയും വ്യതീപാതയോഗമായാല്‍ ആയില്യം തുടങ്ങിയവയും വജ്രയോഗമായാല്‍ പൂയം തുടങ്ങിയവയും വ്യാഘാത യോഗമായാല്‍ പൂണര്‍തം തുടങ്ങിയവയും വൈധൃതിയോഗമായാല്‍ ചിത്തിര തുടങ്ങിയവയും വിഷ്കംഭയോഗമായാല്‍ അശ്വതി തുടങ്ങിയവയും ശൂലയോഗമായാല്‍ മകയിരം തുടങ്ങിയവയും ഗണ്ഡയോഗമായാല്‍ മൂലം തുടങ്ങിയവയും അതിഗണ്ഡയോഗമായാല്‍ അനിഴം തുടങ്ങിയവയും, എണ്ണിവരുമ്പോള്‍ സൂര്യനും ചന്ദ്രനും ഒരേ രേഖയില്‍ വന്നാലും ദോഷമുണ്ട്. ഈ ദോഷം സകലശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍, ഇതിന് പകല്‍ മാത്രമേ പ്രസക്തിയുള്ളൂ, രാത്രിയില്‍ പ്രശ്നമില്ല.
ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386