ജന്‍മനക്ഷത്ര ദിനത്തില്‍ ആഹ്ലാദം ആവശ്യം തന്നെയാണെങ്കിലും സ്വാത്തിക ഭാവം കൈവെടിയരുത് എന്നാണ് ജ്യോതിഷ പണ്ഡിതര്‍ പറയുന്നത്. പ്രഭാത സ്നാനം, അഹിംസ, ശുദ്ധി എന്നിവ ഈ ദിനത്തില്‍ പരിപാലിക്കപ്പെടണം.
ഉദയം മുതല്‍ ആറു നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസത്തെയാണ് ജന്‍മനക്ഷത്രമായി എടുക്കേണ്ടത്. ഉദാഹരണത്തിന്, കലണ്ടര്‍ പ്രകാരമുള്ള ജന്മനക്ഷത്രദിനത്തില്‍ നക്ഷത്രം അഞ്ച് നാഴിക മാത്രമേ ഉള്ളൂ എന്ന് കരുതുക. ഈ ദിവസത്തിന്‍റെ തലേ ദിവസമാണ് യഥാര്‍ത്ഥത്തില്‍ ജന്‍മനക്ഷത്ര ദിനമായി കണക്കാക്കേണ്ടത്.
ജന്‍മനക്ഷത്ര ദിനത്തില്‍ യാത്രപോവുക, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ചികിത്സ തുടങ്ങുക, മദ്യപാനം, ക്ഷൌരം തുടങ്ങിയ ക്രിയകളും വാഹനമോടിക്കുന്നതും വര്‍ജ്ജ്യമാണ്. ഈ ദിവസം ക്ഷേത്ര ദര്‍ശനം നടത്തി പൂജാദികര്‍മ്മങ്ങള്‍ നടത്തുകയാണ് ഉത്തമം.
ജന്‍മനക്ഷത്ര ദിനത്തില്‍ ജാതകനും കുടുംബവും വ്രതശുദ്ധി പാലിക്കേണ്ടതുണ്ട്. അന്നേദിവസം വീട്ടില്‍ വരുന്ന അതിഥികളെ യഥാവിധി സല്‍ക്കരിക്കുകയും വേണം. ഇത് ഗൃഹത്തിന് ഐശ്വര്യം വര്‍ദ്ധിപ്പിക്കും.
ജന്‍മനക്ഷത്ര ദിനത്തില്‍ നക്ഷത്രാധിപനെ ആരാധിക്കുന്നതും മൃഗം, പക്ഷി എന്നിവയ്ക്ക് ആഹാരാദികള്‍ നല്‍കുന്നതും വൃക്ഷം നട്ടുപിടിപ്പിക്കുന്നതും ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കും. ആണ്ട് പിറന്നാളിന് ഗണപതിഹോമം നടത്തുകയും ദശാനാഥനെ തൃപ്തിപ്പെടുത്തുകയും വേണം.
ഒരു വ്യക്തിയുടെ ജനന സമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലാണ് എന്നതിനെ ആധാരമാക്കിയാണ് ജന്‍മനക്ഷത്രം നിശ്ചയിക്കുക. ആ സമയത്തെ ചന്ദ്രഭാവമനുസരിച്ചായിരിക്കും ജനിക്കുന്നയാളിന്‍റെ ഭാവി. അതിനാല്‍ ജന്‍മ നക്ഷത്രത്തില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ദിവസം-ജന്‍മനക്ഷത്ര ദിനം- വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്‍മനക്ഷത്ര ദിനത്തില്‍ ആഴ്ചയുടെ അധിപനെ പൂജിക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നത് സദ്ഫലങ്ങള്‍ നല്‍കും.