ഗജകേസരി യോഗം

WEBDUNIA|
ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ട് എന്ന് കേട്ടാല്‍ അയാള്‍ കേമനാണെന്ന് അര്‍ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം ആരും മനസിലാക്കും. എന്നാല്‍ എന്താണ് ഗജകേസരി യോഗം ? ഗജം എന്നാല്‍ ആന, കേസരി എന്നാല്‍ സിംഹം. ആനയും സിംഹവും തമ്മിലുള്ള യോഗം, അതെങ്ങനെ സാധ്യമാവും ?

ജാതകവശാല്‍ ഈയൊരു അര്‍ത്ഥമല്ല ഈ യോഗത്തിനു കല്‍പ്പിച്ചിരിക്കുന്നത്. മനസ്സിനെ വിശേഷ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തി വിജയം കൈവരിക്കാന്‍ പ്രാപ്തി ഉള്ള ആള്‍ എന്ന അര്‍ഥത്തില്‍ വേണം ഗജകേസരി യോഗത്തെ വ്യാഖ്യാനിക്കാന്‍.

ഇവിടെ ഏതാണ് ആന? ഏതാണ് സിംഹം എന്നൊരു സംശയം ഉണ്ടാകാം. മനസ്സ് അതാണ് ആന. മനസ്സിന്‍റെ വലിപ്പം ആര്‍ക്കും അളക്കാന്‍ പറ്റില്ല. അതേപോലെ തന്നെ അതിന്‍റെ ചാപല്യവും.

മനസ്സിന്‍റെ കാരകനാണ് ചന്ദ്രന്‍. മനസ്സ് ആനയെപ്പോലെയാണ്. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍ സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്. പക്ഷെ, ബുദ്ധിയും ശക്തിയും ഏകോപിപ്പിക്കാനും ഏകാഗ്രമാക്കാനും ഉള്ള വൈശിഷ്ട്യം അതിനുണ്ട്.

വിശേഷബുദ്ധിയുടേ കാരകന്‍ വ്യാഴമാണ്. ആനയുടെ അത്ര ശക്തിയോ വലിപ്പമോ ഇല്ലാഞ്ഞിട്ടും. സിംഹത്തിന് ആനയെ വധിക്കാന്‍ പറ്റുന്നത് ഏകാഗ്രത കൊണ്ടും സാധന കൊണ്ടും ആണ്.

സിംഹം ആനയെ കീഴ്പ്പെടുത്തുന്നതു പോലെ മനസ്സിനെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്താനായാല്‍ വിജയം നിശ്ഛയം എന്നതാണ് ഗജകേസരി യോഗത്തിന്‍റെ അര്‍ത്ഥം.

വ്യാഴത്തിനെ ദൈവാധീനം എന്നും പറയാറുണ്ട്. ദൈവാധീനം ധന്വന്തരി മൂര്‍ത്തിയാണ്. ധന്വന്തരിയാകട്ടെ വിഷ്ണുവും. ജ്യോതിഷത്തില്‍ വിഷ്ണുവാണ് വ്യാഴം.

ശരീരത്തിന്‍റെ ഒരുവിധം പ്രവര്‍ത്തനങ്ങളെ എല്ലാം നിയന്ത്രിക്കുന്നത് വ്യാഴമാണ്. വ്യാഴം ബലവാനാണെങ്കില്‍ ശാരീരികമായ കുഴപ്പങ്ങള്‍ ഉണ്ടാവില്ല എന്നും അനുമാനിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :