യന്ത്രങ്ങളെ തയ്യാറാക്കുന്നത്

WEBDUNIA| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2007 (17:41 IST)

അതീവ സൂക്ഷ്മമായ മന്ത്രങ്ങളുടെ ശക്തി ഉള്‍ക്കൊള്ളുന്ന സ്ഥൂല രൂപങ്ങളാണ്‌ താന്ത്രിക യന്ത്രങ്ങള്‍. ലോകത്തകിടുകളിലോ ഇലകളിലോ നാരായം കൊണ്ട്‌ എഴുതി ഇവ ഏലസ്സുകളിലോ ചില്ലിട്ട ചട്ടക്കൂട്ടുകളിലോ സൂക്ഷിക്കുകയാണ്‌ പതിവ്‌.

ഹൈന്ദവ താന്ത്രിക യന്ത്രങ്ങള്‍ക്ക്‌ മുഖ്യമായും 10 അംഗങ്ങളാണുള്ളത്‌. ജീവന്‍, പ്രാണന്‍, ശക്തി, നേത്രം, ശ്രോത്രം, യന്ത്ര ഗായത്രി, മന്ത്രഗായതി, പ്രാണപ്രതിഷ്ഠ, ഭൂത ബീജം, ദിക്‌പാല ബീജം എന്നിവ.

ഓരോ എണ്ണങ്ങള്‍ക്കും യഥാവിധിയുള്ള വെവ്വേറെ രൂപങ്ങളുണ്ട്‌.ഇവയെല്ലാം കൃത്യതയുള്ള ജ്യാമിതീയ രൂപങ്ങളാണ്‌.

വൃത്തം, വീഥി വൃത്തം, ത്രികോണം, പഞ്ചകോണം,ചതുര്‍ദളം, അഷ്ടദളം, ഷഡ്‌ കോണകം, ഷഡ്‌ ദളം, ദ്വാദശ ദളം, ഷോഡശ ദളം,ഭൂപരം, ശൂലം, 18 ദളം, 24 ദളം, 32 ദളം എന്നിങ്ങനെയാണ്‌ അവ അറിയപ്പെടുന്നത്‌.

ഒരു യന്ത്രം ലോഹത്തകിടില്‍ എഴുതിക്കഴിഞ്ഞ ശേഷം അതിനെ ചൈതന്യവത്താക്കി മാറ്റണം. അതിന്‌ ആദ്യം വേണ്ടത്‌ ജലാധിവാസം. തകിട്‌ ഒരു ദിവസം വെള്ളത്തില്‍ സൂക്ഷിക്കണം.

അടുത്തദിവസം അത്‌ പുറ്റുമണ്ണ്‌ കൊണ്ട്‌ തേച്ചുകഴുകിയ ശേഷം നാല്‍പ്പാമരപ്പൊടി ഉപയോഗിച്ച്‌ ശുദ്ധിവരുത്തി പുണ്യാഹം തെളിച്ച്‌ നാല്‍പ്പാമര കഷായം അഭിഷേകം ആടി മൂര്‍ത്തിയെ ആവാഹിച്ച്‌ സപരിവാര പൂജ ചെയ്യണം.

പ്രാണപ്രതിഷ്ഠാ മന്ത്രം മുതല്‍ ആ യന്ത്രത്തിന് വിധിച്ച എണ്ണം ജപിക്കണം. ജപത്തിന്‍റെ പത്തിലൊന്ന്‌ പൂര്‍ത്തിയാകുമ്പോള്‍ ഹോമദ്രവ്യങ്ങള്‍ അഗ്നിക്ക്‌ സമര്‍പ്പിച്ച്‌ സമ്പാദ സ്പര്‍ശം ചെയ്ത്‌ തകിടിനെ ചൈതന്യവത്താക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :