വരുന്നു ഡോട്ട് ട്രിപ്പിള്‍ എക്സുകള്‍

WEBDUNIA|
ഇന്‍റര്‍നെറ്റിലെ കുപ്രസിദ്ധിയാര്‍ന്ന സെക്സ് സൈറ്റുകള്‍ക്ക് പുതിയ വെബ്‌വിലാസം വരുന്നു. നഗ്നചിത്രങ്ങളും നഗ്നവീഡിയോകളും അശ്ളീല സാഹിത്യവുമായി വികാരമനസുകളെ കുളിര്‍കോരിപ്പിക്കുന്ന പോണ്‍(യമറഭ) സൈറ്റുകള്‍ക്ക് പുതിയ ഡോട്ട് വിലാസം നല്‍കാനാണ് തീരുമാനം.

ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്ന ലാഭരഹിത സംഘടനയായ ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍റ് നമ്പേഴ്സാണ്(ഐ സി എ എന്‍ എന്‍) ഡോട്ട് എക്സ് എക്സ് എക്സ് എന്ന വെബ്വിലാസം അശ്ളീല സൈറ്റുകള്‍ക്കായി നല്കാന്‍ തീരുമാനമെടുത്തത്.

2000ത്തില്‍ ഇത്തരം ഒരു നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്ന ഐ സി എ എന്‍ എന്‍ മാറിയ ഇന്‍റര്‍നെറ്റ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പുതിയ തീരുമാനം. ഈ നീക്കത്തോട് ഇന്‍റര്‍നെറ്റിലെ അശ്ളീല സൈറ്റുകളുടെ അണിയറപ്രവര്‍ത്തകര്‍ കൂടി സഹകരിച്ചാല്‍ നെറ്റിലെ ചുവന്ന തെരുവിനുള്ള വിലാസത്തിനാകും അത് ഫലത്തില്‍ വഴിതെളിക്കുക.

ഡോട്ട് എക്സ് എക്സ് എക്സ് വിലാസം ലഭ്യമാക്കണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്ന ഐ സി എം രജിസ്ട്രിയുമായി ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ഐ സി എ എന്‍ എന്‍ വക്താവ് അറിയിച്ചു. ഡോട്ട് എക്സ് എക്സ് എക്സ് ലഭ്യമാക്കുന്നതിലെ സാങ്കേതിക കാര്യങ്ങളും ഈ വിലാസം ലഭിക്കുന്നതിന് നല്കേണ്ട നിരക്കുകളുമാകും ഇത്തരത്തില്‍ തീരുമാനിക്കുക.

1200 കോടി ഡോളറിന്‍റെ അശ്ളീല സൈറ്റ് രംഗത്തുള്ളവര്‍ ഈ തീരുമാനത്തിനൊപ്പം സൈറ്റുകള്‍ ഡോട്ട് എക്സ് എക്സ് എക്സ് ഗണത്തിലേക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും ഐ സി എ എന്‍ എന്‍ വക്താവ് അറിയിച്ചു. ജോബ്സ്, ട്രാവല്‍ തുടങ്ങി ഐ സി എ എന്‍ എന്‍ പുതുതായി നിര്‍ദ്ദേശിച്ച പത്ത് വെബ് വിലാസ പ്രത്യയങ്ങളിലാണ്(ലഴതതധഷ) ഡോട്ട് എക്സ് എക്സ് എക്സും ഉള്‍പ്പെടുന്നത്.

ഇതിനിടെ എക്സ് എക്സ് എക്സ് വെബ് വിലാസത്തിന് സാധാരണയുള്ളതിലും പത്തിരട്ടി വില നല്കേണ്ടി വരുമെന്നാണ് ഐ സി എം രജിസ്ട്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം അറുപത് ഡോളര്‍ ഇതിനായി ഈടാക്കാനാണ് ഐ സി എമ്മിന്‍റെ നീക്കം.

ഇന്‍റര്‍നെറ്റിലെ അശ്ളീല സൈറ്റുകള്‍ പ്രായപൂര്‍ത്തിയാകാത്തവരില്‍ നേരിട്ട് എത്തുന്നത് നെറ്റിന്‍റെ സദാചാര വക്താക്കളില്‍ എന്നും എതിര്‍പ്പുയര്‍ത്തിയിരുന്നു. വീട്ടിലെ നിര്‍ദ്ദോഷ കമ്പ്യൂട്ടറുകള്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന രക്ഷിതാക്കള്‍ അറിയാതെ കുട്ടികളിലേക്ക് അശ്ളീലത കടന്നെത്തുന്നതും എന്നും എവിടെയും ചര്‍ച്ചാ വിഷയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :