ഇഷ്ടമല്ലാത്ത വിവാഹം; യുവാവ് ആത്മഹത്യക്കു ശ്രമിച്ചു

ചെന്നൈ| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (17:46 IST)
ഇഷ്ടമല്ലാത്ത വിവാഹത്തിന് നിര്‍ബന്ധിക്കുന്ന വീട്ടുകരേ മുട്ടുകുത്തിക്കാന്‍ സാധാരണ നമ്മുടെ നാ‍ട്ടില്‍ പെണ്‍കുട്ടികള്‍ നടത്തുന്ന അറ്റകൈയ്യാണ് ആത്മഹത്യാ ശ്രമം നടത്തുക എന്നത്. എന്നാല്‍ ചെന്നൈ വിമാനത്താവളത്തില്‍ നടന്നത് ഒരു യുവാവിന്റെ ആത്മഹത്യാ ശ്രമമായിരുന്നു.

സിംഗപൂരില്‍ ജോലി ചെയ്യുന്ന വെല്ലൂര്‍ സ്വദേശി മുരുകനാണ് (27) ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമസ്ഥലത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചത്. ഇയാള്‍ അവധിക്ക് എത്തുന്നതിനു മുമ്പേ തന്നെ വീട്ടുകാര്‍ ഇയാള്‍ക്ക് കല്യാണം ഉറപ്പിച്ചിരുന്നു.

എന്നാല്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് മുരുകന്‍ തറപ്പിച്ചു പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ തിരികെ സിംഗപ്പൂരിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മുരുകന്റെ പിന്നാലെ ഇയാളറിയാതെ വീട്ടുകാരും എത്തിയിരുന്നു.

ഇവിടെ വച്ച് സിംഗപ്പൂരിലേക്ക് തിരിച്ചു പോകാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും വീട്ടിലേക്ക് തിരിച്ചെത്തി തങ്ങള്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് തയ്യാറാകണമെന്നും പറഞ്ഞ് വീട്ടുകാര്‍ വീണ്ടും മുരുകനെ ശല്യപ്പെടുത്തി തുടങ്ങി.

ഇതിനിടെ സിംഗപ്പൂരിലേക്ക് പോകാനുള്ള വിമാനം ഇയാള്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. ദേഷ്യവും സങ്കടവും ഒരുമിച്ച് വന്ന മുരുകന്‍ വീട്ടുകാര്‍ തന്നെ വെറുതേ വിടില്ലെന്ന് മനസിലാക്കിയതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 15 അടിയോളം മുകളില്‍ നിന്നും ചാടിയ മുരുകന്റെ വലതു കൈ ഒടിയുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മുരുകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരുകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വീട്ടുകാരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :