വിവാഹ അഭ്യര്‍ത്ഥന: യുവതിയെ കത്രികയ്ക്ക് കുത്തിയത് 30 തവണ

ന്യൂഡല്‍ഹി| webdunia| Last Modified വെള്ളി, 2 മെയ് 2014 (15:23 IST)
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിയെ സുഹൃത്ത് കത്രിക കൊണ്ട് കുത്തിക്കൊന്നു. ദക്ഷിണ ഡല്‍ഹിയിലെ ഓക്‍ല പ്രദേശത്താണ് ദാരുണമായ കൊലപാതകം നടന്നത്.

23കാരിയായ ബല്‍ജീത് കൌറിനെ സുഹൃത്ത് 39കാരനായ അനീഷാണ് ക്രൂരമായി കുത്തിക്കൊന്നത്. 30 തവണയാണ് ഇയാള്‍ കത്രിക കൊണ്ട് കൌറിനെ കുത്തിയത്. ഓക്‍ലയിലെ സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ബല്‍ജീത്.

ഓക്‍ലയില്‍ താമസിക്കുന്നതിന് വേണ്ടി അനീഷ് ഇവര്‍ക്ക് വാടക വീട് തയ്യാറാക്കി കൊടുത്തു. തുടര്‍ന്ന് ഇയാള്‍ കൌറിനോട് സൌഹൃദം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ സൌഹൃദം മുതലാക്കിയ ഇയാള്‍ കൌറിനോട് തന്റെ വിവാഹ താത്പര്യം അറിയിക്കുകയായിരുന്നു.

എന്നാല്‍ പ്രായത്തില്‍ ഏറെ വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ കൌര്‍ വിവാഹത്തിന് താത്പര്യം ഇല്ലെന്ന് പറഞ്ഞു. ഏറെ നേരം ഇയാള്‍ വാടകവീട്ടില്‍ നിന്ന് യുവതിയെ വിവാഹത്തിനായി നിര്‍ബന്ധിച്ചു. ഒടുവില്‍ ക്രോധവാനായ അനീഷ് കൈയ്യില്‍ കരുതിയിരുന്ന കത്രിക കൊണ്ട് കൌറിനെ കുത്തുകയായിരുന്നു. യുവതി മരിച്ചതിനുശേഷവും നിരവധി തവണ ഇയാള്‍
കുത്തുകയും ചെയ്തു.

തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിഒളിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ അനീഷിനെ പിടികൂടന്‍ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :