പൊതുവിദ്യാഭ്യാസ മേഖലയിലും സംഘിവത്കരണം? പിഎം ശ്രീ നടപ്പിലാക്കാൻ സതീശൻ
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ ന്യായീകരണം
എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ച പിഎം ശ്രീ പദ്ധതിയുമായി സതീശൻ സർക്കാർ മുന്നോട്ട്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പിലാക്കിയേക്കുമെന്ന സൂചനയാണ് സതീശൻ നൽകിയത്.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ ന്യായീകരണം. പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ സമിതിയുടെ അധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും പദ്ധതിയിൽ തുടരണമോ എന്നതിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക. എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽ തുടരാൻ കേരളം നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. മാത്രമല്ല പിഎം ശ്രീ ഫണ്ട് എൽഡിഎഫ് സർക്കാർ സ്വീകരിച്ചെന്നും സതീശൻ പറഞ്ഞു. ഇത് നുണയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. എസ്.എസ്.കെ ഫണ്ട് മാത്രമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പിഎം ശ്രീ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാണ്.
