1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. parasailing controversy: kannur sp will be questioned

പാരാ‌സെയ്‌ലിംഗ് വിവാദം: കണ്ണൂര്‍ എസ്‌പിയെ ചോദ്യം ചെയ്യും

പാരാ‌സെയ്‌ലിംഗ് വിവാദം
11 മാസം മാത്രം പ്രായമുളള പിഞ്ചുകുഞ്ഞിനെ പാരാസെയിലിങ്ങിന് ഉപയോഗിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി പി എന്‍ ഉണ്ണിരാജയെയും ചോദ്യം ചെയ്യുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഐജി എസ് ശ്രീജിത്ത്. 
 
കുട്ടിയുടെ രക്ഷിതാക്കളെയും സംഘാടകരേയും ഇന്നലെ രാത്രി പത്തരയോടെ എസ്പി ഓഫിസിലേക്ക് വിളിച്ചു വരുത്തി ഡിഐജി മൊഴിയെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്നും ഡിഐജി പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരേ കേസടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് എടക്കാട് പോലീസാണ് കേസെടുത്തത്.
 
കുഞ്ഞിന്റെ അമ്മ സഫ്രിന നിസാം, ഭര്‍ത്താവ് സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് നിസാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പാരാ സെയ്‌ലിംഗിന്റെ സംഘാടകരായ മലബാര്‍ എയ്‌റോ റസ്‌പോര്‍്‌സ് സൊസൈറ്റിയുടെ ഭാരവാഹിയായ തലശ്ശേരി സ്വദേശി സഫര്‍ അഹമ്മദിന്റെ മകളാണ് സഫ്രിന.
 
11 മാസം പ്രായമായ കുട്ടി പാരാസെയി‌ലിംഗില്‍ പങ്കെടുപ്പിച്ചതാണ് വിവാദമായത്. സാഹസിക കായിക പരിശീലന സംഘടന സംഘടിപ്പിച്ച പാരാസെയി‌ലിംഗ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യിക്കാനെന്ന പേരില്‍ കുഞ്ഞിനെ 600 അടി മുകളില്‍ ആകാശത്തേക്കു പറത്തുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു 'സാഹസികമായ ക്രൂരത'.
 
പാരഗ്ലൈഡര്‍മാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബീച്ചില്‍ പാരാസെയി‌ലിംഗ് ചാംപ്യന്‍ഷിപ്പ് കാണാനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ പറത്താന്‍ അനുവദിക്കുകയായിരുന്നു. കോഴിക്കോടുള്ള മാസ എന്ന സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണു തങ്ങള്‍ നിയാം നിസാമെന്ന കുട്ടിയെ പറത്തിയതെന്നാണു സംഘടന പറയുന്നത്. അമ്മയുടെ കൈയില്‍നിന്ന് 600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു. ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.