കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റേഡിയോ ജോക്കിയുടെ ആത്മഹത്യ; ദുരൂഹതയേറുന്നു

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (11:01 IST)

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ റെനൈ മെഡിസിറ്റിയിലാണ് അനന്യയെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അതിനുശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് അനന്യ ആരോപിച്ചിരുന്നു. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ അനന്യ വിമര്‍ശനമുന്നയിച്ചിരുന്നു. അനന്യയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പരാതി നല്‍കിയിട്ടുണ്ട്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്‌ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :