തിരുവനന്തപുരം|
JOYS JOY|
Last Updated:
ശനി, 30 ജൂലൈ 2016 (15:18 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ മുഖ്യമന്ത്രി നിസംഗത വെടിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ശരിയായ നടപടിയല്ല.
തല്ലു വാങ്ങാനും തല്ലു കൊടുക്കാനും ആരും കോടതിയിലേക്ക് പോകണ്ട എന്ന് മുഖ്യമന്ത്രി പറഞ്ഞത് തീരെ ശരിയല്ല. വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയമാണ്. കാഴ്ചക്കാരന്റെ റോള്‍ അല്ല മുഖ്യമന്ത്രിക്കുള്ളത്, അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ കഴിയണം. വാര്‍ത്തകള്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നു. അതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
കോഴിക്കോട് നടന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ നടപടിയാണ് ഉണ്ടായത്. പൊലീസ് നിഷ്‌ക്രിയരായിരുന്നു. പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ തിരുവനന്തപുരത്തും എറണാകുളത്തും സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയില്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു സംഘര്‍ഷം നിലവിലില്ല.