ദീപങ്ങളുടെ ഉത്സവം
| ദീപങ്ങള്‍, നിറഭേദങ്ങള്‍ വിതറുന്ന പടക്കങ്ങള്‍, രുചിഭേദങ്ങള്‍ നിറഞ്ഞ മധുരപലഹാരങ്ങള്‍ എന്നിവ ദീപാവലിയുടെ സവിശേഷതയാണ്. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ കടങ്ങളെല്ലാം തീര്‍ത്ത് പുതിയ അക്കൗണ്ട് തുടങ്ങുന്നത് ദീപാവലിക്കാണ്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ബഹുവര്‍ണ്ണങ്ങളുള്ള പൂത്തിരികളും മത്താപ്പുകളും കത്തിക്കുന്നതും ആഘോഷങ്ങളുടെ അവിഭാജ്യ ഭാഗമാണ്. മുതിര്‍ന്നവര്‍ മാലപ്പടക്കങ്ങളും അമിട്ടുകളും ഗുണ്ടുകളും പൊട്ടിച്ച് തകര്‍ക്കുന്നു. മറ്റുള്ളവര്‍ പൂക്കുറ്റിയും തറച്ചക്രവും കമ്പിത്തിരിയും മത്താപ്പുമായി ഉല്ലസിക്കുന്നു. ജൈനരുടെ പരമാചാര്യനായ മഹാവീരന്‍ പരമപദം പ്രാപിച്ചത് ഈ ദിവസമാണ്. അതുകൊണ്ട് ഹൈന്ദവോത്സവമായ ദീപാവലി ജൈനമതക്കാര്‍ക്കും പുണ്യദിവസമാണ്. മഹാവീരന്‍ കാലഗതി പ്രാപിച്ചത് ക്രിസ്തുവിന് മുന്‍പ് അഞ്ഞൂറ്റി ഇരുപത്തിയെട്ടാം ആണ്ടിലാണ്. ആ നിലയ്ക്ക് ദീപാവലി ആഘോഷത്തിന് 2500 ഓളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതാവുന്നതാണ്. മഹാവീരനെന്ന ജ്ഞാന ദീപം പൊലിഞ്ഞുപോയതിന്‍റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ദീപങ്ങള്‍ കൊളുത്തി ഭക്തരും നാട്ടുകാരും തുടങ്ങിവച്ചതാണ് ദീപാവലി എന്നാണൊരു ഐതിഹ്യം.
|
