രേണുക വേണു|
Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (12:13 IST)
2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു സഹീര്‍ ഖാന്‍. ഇന്നലെയാണ് സഹീര്‍ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചത്. ലോകകപ്പ് ഹീറോയ്ക്ക് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശംസകള്‍ നേര്‍ന്നു.
സിനിമാ കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു സഹീര്‍ ഖാന്റെ വ്യക്തിജീവിതം. ചക്ദെ ഇന്ത്യയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സാഗരിക ഘട്ട്ഗെയാണ് സഹീറിന്റെ ജീവിതപങ്കാളി. യുവരാജ് സിങ്ങിന്റെ വിവാഹ പാര്‍ട്ടിക്ക് സഹീറും സാഗരികയും ഒരുമിച്ചാണ് എത്തിയത്. ആ വേദിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ അറിയുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 2017 നവംബര്‍ 23 നായിരുന്നു സഹീര്‍ സാഗരികയെ വിവാഹം കഴിച്ചത്.
സഹീറിന്റെയും സാഗരികയുടെയും പ്രണയവും വിവാഹവും അത്ര സുഖകരമായിരുന്നില്ല. സഹീറിന്റെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇരുവരും രണ്ട് മതങ്ങളില്‍പ്പെട്ടവരാണ്. ഇത് സഹീറിന്റെ വീട്ടുകാര്‍ക്ക് ഒട്ടും താല്‍പര്യപ്പെട്ടില്ല. മാത്രമല്ല, ഒരു സിനിമ നടിയോ മോഡലോ തങ്ങളുടെ മരുമകള്‍ ആയി എത്തരുതെന്ന് സഹീറിന്റെ മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.
സാഗരികയുടെ വീട്ടുകാര്‍ക്ക് സഹീറിനെ ഇഷ്ടമായി. വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. സഹീര്‍ മാതാപിതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ സഹീര്‍ ഒരു നിബന്ധന മുന്നോട്ടുവച്ചു. മാതാപിതാക്കളോട് സാഗരികയുടെ സിനിമ കാണാന്‍ സഹീര്‍ ആവശ്യപ്പെട്ടു. ചക്‌ദെ ഇന്ത്യ എന്ന സാഗരികയുടെ സിനിമ കണ്ട ശേഷമാണ് സഹീറിന്റെ വീട്ടുകാര്‍ വിവാഹത്തിനു അനുമതി നല്‍കിയത്.