കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം
ടിഎന്‍പിഎല്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ പന്തില്‍ കൃത്രിമം നടത്തിയതായി ആരോപണം.
R Ashwin TNPL
ജൂണ്‍ 14ന് നടന്ന മധുരൈയും ഡിണ്ടിഗലും തമ്മില്‍ നടന്ന് മത്സരത്തിനിടെ അശ്വിനും സംഘവും പന്തില്‍ കൃത്രിമത്വം നടത്തിയെന്നാണ് ആരോപണം. പന്തിന്റെ ഭാരം കൂട്ടാനായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് രാസവസ്തുക്കള്‍ ചേര്‍ത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തില്‍ നിന്നും ലോഹശബ്ദം പുറത്തുവന്നെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച് ടിഎന്‍പിഎല്‍ അധികൃതര്‍ തെളിവുകള്‍ ഹാജരാക്കാന്‍ മധുരൈ പാന്തേഴ്‌സിനോട് ആവശ്യപ്പെട്ടു. മതിയായ തെളിവുകള്‍ നല്‍കിയില്ലെങ്കില്‍ മധുരൈക്കെതിരെ നടപടിയുണ്ടാകുമെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു സ്വതന്ത്ര കമ്മിറ്റിയാകും തെളിവുകള്‍ പരിശോധിക്കുക.