അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എവിൻ ലൂയിസും ഒഷേൻ തോമസും ടീമിൽ
യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് ഇതിന് മുൻപും രാജസ്ഥാനായി കളിച്ചിട്ടുണ്ട്.
മാനസികാരോഗ്യം ചൂണ്ടികാട്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്‌സിനും മറ്റൊരു ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഒഷേൻ തോമസും ടീമിലെത്തിയത്. മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള വെടിക്കെട്ട് ഓപ്പണറായ എവിൻ ലൂയിസ് ഐപിഎലിലെ 16 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയിട്ടുണ്ട്.
OFFICIAL: Evin Lewis is a Royal.
ഇതിനൊപ്പം ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസി, ന്യൂസീലൻഡിൻ്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്സ് എന്നിവരും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പുതിയ താരങ്ങളുടെ വരവോടെ ഐപിഎല്ലിൽ ശക്തരായാണ് രാജസ്ഥാൻ രണ്ടാം പാദ മത്സരങ്ങൾക്കിറങ്ങുക.