രേണുക വേണു|
Last Modified ശനി, 31 ജനുവരി 2026 (13:45 IST)
കലാഭവൻ നവാസിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് വികാരാധീനനായി ഭാര്യപിതാവും പ്രശസ്ത നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ. നവാസ് അവസാനമായി രചനയും സംവിധാനവും നിർവഹിച്ച ഇന്ന് എന്ന നാടകത്തിന്റെ അവതരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാസ് തനിക്ക് മരുമകൻ ആയിരുന്നില്ല എന്നും മനകനായിരുന്നു എന്നും ഹസ്സനാർ പറഞ്ഞു. അദ്ദേഹം എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു എന്നും ആരെ കുറിച്ചും ഇന്നുവരെ ഒരു മോശം പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
"എനിക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. അതിൽ ഇളയ ആളാണ് രഹന. വീട്ടിലേക്കു വന്നു കയറിയ രണ്ടുപേരും എനിക്ക് നല്ല പുത്രൻമാരായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു നവാസ്. അവൻ എനിക്ക് മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു.
ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല... പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു നവാസ്... 12 പേജോളം എഴുതിയിരുന്നു... എന്നോട് കഥ പറഞ്ഞു തന്നു... ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി, നീറ്റൽ തന്നു പോയി"- ഹസ്സനാർ പറഞ്ഞു.
2025 ഓഗസ്റ്റ് ഒന്നിനായിരുന്നു ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി താരവും അതിലുപരി ഗായകൻ കൂടിയായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.
"പ്രകമ്പനം" ആയിരുന്നു നവാസ് അവസാനമായി അഭിനയിച്ച സിനിമ. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്.