ഡേറ്റിംഗ്...... ‘കാര്‍ഡ് പ്ലീസ്’ !

IFM
ഇണയെ തേടുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്.....കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ സംഗതി സത്യമാണ്. പാശ്ചാത്യര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ “ഡേറ്റിംഗ്” എന്ന് ഓമനപ്പേരുള്ള അഭിനവ പ്രണയം കൊതിക്കുന്നവരെ ലക്‍ഷ്യമിട്ട് ഓസ്ട്രേലിയയിലാണ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.

ഇനി അവളെ( അവനെയും) വളയ്ക്കാന്‍ വേറെ നമ്പരുകളൊന്നും കാണിച്ച് മെനക്കെടണ്ട. ഈ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചുനടന്നാല്‍ മതി, സംഗതി ഒ.കെ. താല്പര്യമുള്ളവര്‍ ഇങ്ങോട്ടുവന്ന് മുട്ടിക്കോളും.

ഓസ്ട്രേലിയയിലെ ഒരു ഡേറ്റിംഗ് വെബ്സൈറ്റാണ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡേറ്റിംഗിന്‍റെ പഴമയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് നീക്കം. ഡേറ്റിംഗിന്‍റെ ആനന്ദം ഇന്‍റര്‍നെറ്റ് മുറികളിലല്ലെന്ന് ഓണ്‍ലൈന്‍ ഡേറ്റിംഗില്‍ മുഴുകിയിരിക്കുന്ന യുവത്വത്തെ ബോധ്യപ്പെടുത്തുകയാണ് ലക്‍ഷ്യമെന്ന് കമ്പനി വിശദീകരിക്കുന്നു.

ഏകാന്തപഥികരെയും നാണം കുണുങ്ങികളെയും ലക്‍ഷ്യം വെച്ചാണ് കമ്പനി കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍ കാര്‍ഡിനുള്ള അപേക്ഷാഫോറവും ലഭ്യമാണ്. 23 ഓസ്ട്രേലിയന്‍ ഡോളറാണ് അംഗത്വത്തിനുള്ള മുതല്‍മുടക്ക്.

ഡേറ്റിംഗിനായി ഇന്‍റര്‍നെറ്റ് ലോകത്ത് പണം വാരിയെറിയുന്നവരാണ് പാശ്ചാത്യയുവത്വം. ആഗ്രഹങ്ങള്‍ പൂവണിയിക്കാമെന്ന് ചാറ്റിംഗിലൂടെയും മറ്റും മനക്കോട്ട കെട്ടുന്നവരില്‍ പലരും പിന്നീട് നിരാശരാകുന്നതും സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുന്നു. എന്നാല്‍ നേരിട്ട് ഇണകളെ കണ്ടെത്തുന്നതിലൂടെ ഈ സ്ഥിതി ഒഴിവാക്കാനാകുമെന്നും കമ്പനി പറയുന്നു.

WEBDUNIA|
ഏതായാലും കാര്‍ഡിന് ദിനം പ്രതി ആവശ്യക്കാ‍ര്‍ ഏറിവരികയാണെന്നാണ് വിവരം. ഒരാളോട് നേരിട്ട് ചെന്ന് എനിക്ക് നിന്നോടൊത്ത് സമയം ചെലവഴിക്കാന്‍ താല്‍‌പര്യമുണ്ടെന്ന് പറഞ്ഞ് കുളമാകുന്നതിലും എത്രയോ എളുപ്പം. താല്പര്യമുള്ളവര്‍ ഇങ്ങോട്ടുവന്നുകൊള്ളും. ‘റിസ്കും‘ കുറവ്. കാര്‍ഡാണെങ്കില്‍ എവിടെ പോകുമ്പോഴും ധരിക്കുകയും ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :