ഇന്ത്യ നേരത്തെ കീഴടങ്ങി
|
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ അല്പം പുരോഗതി ഉണ്ടായത് കളി മൂന്നാം ദിവസം വൈകുന്നേരത്തേക്ക് നീട്ടാനായെന്ന് മാത്രം. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 76 ന് പുറത്ത്. രണ്ടാം ഇന്നിംഗ്‌സ് 328 ന് പുറത്ത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 494. ദക്ഷിണാഫ്രിക്കയുടെ 418 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 328 ല്‍ എത്തിയപ്പോള്‍ വീണു.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സെവാഗിനെ പുറത്താക്കി ദക്ഷിണാഫ്രിക്കന്‍ വിജയത്തിനു തുടക്കമിട്ട മഖായ എന്‍റിനി തന്നെ അവസാന വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ തൊണ്ണൂറ്റഞ്ചാം ഓവര്‍ എറിയാന്‍ എത്തിയ മഖായ എന്‍റിനി രണ്ടാമത്തെ പന്തില്‍ തന്നെ ശ്രീശാന്തിനെ പുറത്താക്കി ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടു.
ഒന്നാം ഇന്നിംഗ്‌സിലെ പോലെ തന്നെ കീഴടങ്ങാതെ നിന്ന ഇര്‍ഫാന്‍ പത്താന് ഇത്തവണയും പിന്തുണ ലഭിച്ചില്ല. 43 റണ്‍സ് എടുത്ത പത്താനെ ഒരറ്റത്ത് നിര്‍ത്തി തന്നെ ദക്ഷിണാഫ്രിക്ക കാര്യം നടത്തി. അവസാന വിക്കറ്റായ ശ്രീശാന്ത് ഒരു സിക്‍സും രണ്ട് ഫോറുമായി 17 റണ്‍സ് എടുത്ത ശേഷം പുറത്തായതോടെ രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യ കീഴടങ്ങി. 87 റണ്‍സ് എടുത്ത ഗാംഗുലിയും 52 റണ്‍സ് എടുത്ത ധോനിയും വിജയം താമസിപ്പിച്ചെന്ന് മാത്രം.
സ്റ്റെയിന്‍റെ പന്തില്‍ ഗാംഗുലി ബൌച്ചറിന്‍റെ ഗ്ലൌവ്വിലും എന്‍റിനിയുടെ പന്തില്‍ ധോനി സ്മിത്തിന്‍റെ കയ്യിലും കുരുങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്നിംഗ്‌സ് വിജയം രണ്ട് ദിനം നേരത്തേ സാധ്യമായി. രണ്ടാം ദിനം തന്നെ വന്‍ സ്കോര്‍ കണ്ടെത്തിയ ദക്ഷീനാഫ്രിക്ക മൂന്നാം ദിനം രാവിലെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
വാലറ്റത്ത് അനില്‍ കുംബ്ലേയെ (അഞ്ച്) പോള്‍ ഹാരീസ് പുറത്താക്കിയപ്പോള്‍ ഹര്‍ഭജനെ (നാല്) വിക്കറ്റിനു മുന്നില്‍ കുരുക്കിയ സ്റ്റെയ്‌ന്‍ തന്നെ ആര്‍ പി സിംഗിനെ കല്ലിസിന്‍റെ കയ്യിലും എത്തിച്ചു. രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടാനാകാതെ കുഴങ്ങുന്ന ഇന്ത്യയുടേതായി പുറത്തായ ആദ്യ ബാറ്റ്‌സ്‌മാന്‍ സെവാഗായിരുന്നു.
എന്‍റിനിയുടെ പന്തില്‍ 17 റണ്‍സ് എടുത്ത സെവാഗ് എല്‍ ബി ആയി. പിന്നാലെ വന്ന വസീം ജാഫര്‍ 19 റണ്‍സ് എടുത്ത് കല്ലിസിന്‍റെ പന്തില്‍ ഡിവിലിയേഴ്‌സിനു ക്യാച്ച് നല്‍കി മടങ്ങി. ദ്രാവിഡിനും ആയുസ് കുറവായിരുന്നു. 17 റണ്‍സ് എടുത്ത ദ്രാവിഡിനെ ഡിവിലിയേഴ്‌സിനു നല്‍കിയ മോര്‍ക്കല്‍ ലക്ഷ്‌മണെ (35) ബൌച്ചറിന്‍റെ കയ്യില്‍ എത്തിച്ചു.
നേരത്തേ ദക്ഷിണാഫ്രിക്ക 494 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഡിവിലിയേഴ്‌സിന്‍റെ 217 റണ്‍സിന്‍റെ പിന്‍ബലത്തിലും കല്ലിസിന്‍റെ 132 റണ്‍സ് പിന്‍ബലത്തിലും 418 റണ്‍സിന്‍റെ ലീഡാണ് ദക്ഷിണാഫ്രിക്ക എതിരാളികള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 76 ന് പുറത്തായിരുന്നു.
