രേണുക വേണു|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (15:29 IST)
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസില്‍ പോര്. മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തമ്മിലടി. രാഹുലിനെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ശക്തമായ നിലപാടെടുത്തത്. പെണ്ണ് പിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ലെന്ന് രാഹുല്‍ ബോധ്യപ്പെടുത്തണമെന്നാണ് സ്‌നേഹ പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ രാഹുല്‍ നിയമനടപടിക്ക് തയ്യാറാകണമെന്നും സ്‌നേഹ സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞിരുന്നു.
സ്‌നേഹയുടെ ശബ്ദസന്ദേശം ചോര്‍ന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസിലെ ചേരിപ്പോര് പരസ്യമായത്. കൂട്ടത്തില്‍ നിന്ന് തന്നെയാണ് രാഹുലിനെതിരായ നീക്കമെന്ന് മറ്റൊരു നേതാവ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. 'തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും' എന്നാണ് രാഹുല്‍ അനുയായിയായ നേതാവിന്റെ പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും ചോര്‍ന്നിട്ടുണ്ട്.
തന്റെ ശബ്ദസന്ദേശം എങ്ങനെ ചോര്‍ന്നെന്ന് അറിയില്ലെന്നും മാധ്യമങ്ങളോടോ ആളുകളെ വിളിച്ചു ചേര്‍ത്തോ അല്ല താന്‍ കാര്യങ്ങള്‍ പറഞ്ഞത്, യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പിലാണെന്ന് സ്‌നേഹ പറയുന്ന ശബ്ദവും ചോര്‍ന്നിട്ടുണ്ട്.